കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നു വന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന വളണ്ടിയര്‍ മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും പേരില്‍ കണ്ണൂര്‍ നഗരത്തിലൂടെയുളള സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായി.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരും കോളേജ്-സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും ആശുപത്രിയിലും മറ്റുമെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളളവര്‍ വാഹനങ്ങള്‍ ലഭിക്കാതെ നഗരത്തിന് പുറത്തു പോകാന്‍ ബുദ്ധിമുട്ടി. ചരിത്രത്തിലില്ലാത്ത വിധത്തിലാണ് നഗരത്തിലെ വാഹനഗതാഗതം മുഴുവനായും തടസ്സപ്പെടുത്തിക്കൊണ്ട് ഒരു രാഷ്‌ട്രീയ സംഘടനയുടെ ജില്ലാ സമ്മേളനം കണ്ണൂര്‍ നഗരത്തില്‍ നടക്കുന്നത്. ഉച്ചക്ക് രണ്ട് മണിമുതല്‍ വളപട്ടണം ഭാഗത്ത് നിന്നും താഴെ ചൊവ്വ-മേലെ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല നഗരത്തിനകത്തു നിന്നും പുറത്തേക്കും വാഹനങ്ങള്‍ ഓടാന്‍വിട്ടില്ല. റോഡിനരിക് ചേര്‍ന്ന് സമ്മേളന നഗരയിലേക്ക് പോകാമായിരുന്നിട്ടും റോഡ് മുഴുവന്‍ കയ്യടക്കി വാഹന ഗതാഗതം തടസ്സപ്പെടുത്തി പാര്‍ട്ടി അണികള്‍ നടക്കുകയായിരുന്നു. പാര്‍ട്ടിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
















