ന്യൂദല്‍ഹി: ഇടത് കോട്ടയായ ത്രിപുര പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്ന് പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം. ഗോത്രമേഖലയില്‍ വേരോട്ടമുള്ള ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി), നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് ത്രിപുര (എന്‍സിടി), ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര (ഐഎന്‍പിടി) എന്നീ പ്രാദേശിക പാര്‍ട്ടികളുമായാണ് ബിജെപി സഖ്യമുണ്ടാക്കിയത്. ആകെയുള്ള 60 സീറ്റില്‍ പതിനൊന്നിടത്ത് സഖ്യകക്ഷികള്‍ മത്സരിക്കും. സീറ്റ് ധാരണ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 20 സീറ്റുകള്‍ ഗോത്രവിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടവയാണ്. 25 വര്‍ഷത്തെ തുടര്‍ച്ചയായ ഇടത് ഭരണം അവസാനിപ്പിക്കാന്‍ സിപിഎം വിരുദ്ധരായ മുഴുവന്‍ പ്രാദേശിക കക്ഷികളുമായും സഹകരിക്കുമെന്ന്് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്.
ബിജെപി ദേശീയ സെക്രട്ടറി രാം മാധവ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ആസാം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഗോത്രമേഖലകള്‍ ഉള്‍പ്പെടുത്തി പ്രത്യേക സംസ്ഥാനം വേണമെന്ന ഐപിഎഫ്ടിയുടെ നിലപാട് ബിജെപി തള്ളിയിരുന്നു. ചെറിയ സംസ്ഥാനമായ ത്രിപുര വിഭജിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും ഈയാവശ്യം ഉപേക്ഷിച്ചാല്‍ സഖ്യമാകാമെന്നും ബിജെപി വ്യക്തമാക്കി. ഗോത്രമേഖലകളുടെ ഇപ്പോഴത്തെ വികസന പിന്നാക്കാവസ്ഥ പഠിക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇതോടെയാണ് സഖ്യത്തിന് ഐപിഎഫ്ടി അനുകൂല നിലപാടെടുത്തത്.
















