കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ ഭാഗമായവര്‍തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുന്നു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയം കാരണം സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി സമ്മേളനത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് കേന്ദ്ര നയം സംസ്ഥാനത്തിനു ഗുണകരമാണെന്നും, അധിക ചെലവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ‘ലോക കേരളസഭ’യില്‍ പറയുന്നു. ധനകാര്യ മന്ത്രി തോമസ് ഐസക്ക് കൃത്യമായി കാര്യം പറയാതെ ഉരുണ്ടുകളിക്കുന്നു. ഘടകകക്ഷി നേതാവ് കാനം രാജേന്ദ്രനും വ്യത്യസ്ത നിലപാട്. എല്ലാവരും സമ്മതിക്കുന്ന ഏക കാര്യം സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ എന്നതുമാത്രമാണ്. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതും അതാണ്.
ജനാധിപത്യ ഭരണത്തില്‍ ധനകാര്യം കൈകാര്യം ചെയ്യാന്‍ കമ്മ്യുണിസ്റ്റുകള്‍ക്ക് കഴിയില്ല എന്നത് തെളിഞ്ഞ കാര്യമാണ്. മൂന്നര പതിറ്റാണ്ട് ഭരിച്ച ബംഗാളിന്റെ സാമ്പത്തിക മുരടിപ്പുതന്നെ ഉദാഹരണം. ജനങ്ങള്‍ പട്ടിണിപ്പാവങ്ങളായി നിലനിന്നാല്‍ മാത്രമേ ചെങ്കൊടിയേന്താന്‍ ആളെ കിട്ടൂ എന്ന രാഷ്ട്രീയ ചിന്തയും കാരണമാണ്. കേരളത്തില്‍ സിപിഎം ധനമന്ത്രിമാര്‍ വന്‍പരാജയമായിരുന്നു. തോമസ് ഐസക്കിനെ ധനകാര്യ വിദഗ്ദ്ധന് എന്നുപറഞ്ഞ് സിപിഎം അവതരിപ്പിക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുതന്നെ അദ്ദേഹത്തെ വിശ്വാസമില്ല. മുഖ്യമന്ത്രി മറ്റൊരാളെ സാമ്പത്തിക ഉപദേഷ്ടാവായിവച്ചത് അതിനാലാണ്. ഡാമില്‍നിന്ന് മണല്‍ വാരല്‍, കിഫ്ബി തുടങ്ങി അയഥാര്‍ത്ഥ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നതിനപ്പുറം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം മെച്ചപ്പെടുത്താനോ ക്രമപ്പെടുത്താനോ ഒരു സംഭാവനയും നല്കാന് തോമസ് ഐസക്കിന് കഴിഞ്ഞിട്ടില്ല.
നോട്ട് നിരോധനം വന്നപ്പോള്‍ കേരളത്തിലെ സഹകരണമേഖല തകര്‍ന്നു എന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രചാരണം. മറിച്ചായിരുന്നു അനുഭവം. സഹകരണ മേഖല ശക്തമാണെന്നും, നിക്ഷേപം കൂടിയെന്നും സഹകരണമന്ത്രി തുടരെ പത്രസമ്മേളനം നടത്തി പറയുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, കേന്ദ്രത്തിന്റെ ചരക്കു സേവന നികുതിയാണ് കാരണെമന്നും പ്രചരിപ്പിച്ചു. 16000 കോടിരൂപ ട്രഷറിയില്‍ കിടപ്പുണ്ടെന്നത് അറിയാതെയായിരുന്നു ഇതെന്നറിഞ്ഞപ്പോള്‍ ആരോപണം സ്വയം വിഴുങ്ങി. ട്രഷറി നിയന്ത്രണം എല്ലാം നീങ്ങി. എല്ലാം ഭദ്രം എന്ന പുതിയ പ്രസ്താവനയാണ് ഒടുവില്‍.
സംസ്ഥാനത്തിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം കേന്ദ്ര പദ്ധതികള്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ്. നഗരവികസനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച 2357 കോടി രൂപയുടെ അമൃത പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ആദ്യഘട്ടമായി 215 കോടി കേന്ദ്രം അനുവദിച്ചെങ്കിലും ആറുകോടി മാത്രമാണ് സംസ്ഥാനം ഇതുവരെ ചെലവിട്ടത്. സംസ്ഥാനത്തെ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതിയും ഇഴഞ്ഞുനീങ്ങുന്നു. റയില്‍വേ പദ്ധതികളുടെ സ്ഥിതിയും അതുതന്നെ.സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പാര്‍പ്പിട പദ്ധതിയുടെയും താളം തെറ്റിക്കുന്നു.പദ്ധതികള്‍ നടപ്പാക്കുന്നത് വൈകിയതു കാരണം കേരളത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പ്രധാന കേന്ദ്രപദ്ധതികളുടെ ചെലവില്‍ 6097.57 കോടി രൂപയുടെ വര്‍ദ്ധനവാണ് വന്നിരിക്കുന്നത്.
മുന്‍കാലങ്ങളിലേതുപോലെ പിടിപ്പുകേടിന് കേന്ദ്രത്തെ കുറ്റംപറഞ്ഞ് കാലം കഴിക്കാമെന്നു കരുതാതെ, സംസ്ഥാനത്തിന്റെ സമ്പദ്രംഗം മെച്ചപ്പെടുത്താനുള്ള നടപടിയാണ് വേണ്ടത്. തോമസ് ഐസക്ക് അതിന് പ്രാപ്തനല്ലങ്കില് മറ്റാരെയെങ്കിലും പരീക്ഷിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: