മട്ടാഞ്ചേരിയിലും ഫോര്‍ട്ട് കൊച്ചിയിലുമായി പ്രതിദിനം വിദേശ ആഭ്യന്തര സഞ്ചാരികളും വിവിധാവശ്യങ്ങള്‍ക്കുമായി ആയിരത്തിലേറെ പേര് വന്നു പോകുന്നുണ്ട്. വാണിജ്യവിനോദ സഞ്ചാര കേന്ദ്രമായ മട്ടാഞ്ചേരിയിലുള്ളത് ആകെ ഒരു ശൗചാലയമാണ്. ഇതാകട്ടെ കണ്ടെത്തുക തന്നെ പ്രയാസവും. പൈതൃക നഗരിയായ ഫോര്‍ട്ടുകൊച്ചിയില്‍ പണംനല്കിയുള്ള ശുചിമുറികളുണ്ടെങ്കിലും അവയെല്ലാം അടഞ്ഞുകിടക്കുന്നു. കൊച്ചി കോര്പ്പറേഷന് വകയായ സൗത്ത് ബീച്ചിലെ ടോയ്ലെറ്റ് കോംപ്ലക്സ് ലക്ഷങ്ങള്‍ ചിലവഴിച്ച് അടുത്തിടെയാണ് നവീകരിച്ചത്. മാസങ്ങള്‍ മാത്രം പ്രവര്‍ത്തിച്ച ഇത് ഇപ്പോള്‍ ഉപയോഗശൂന്യമാണ്. കടപ്പുറത്തെത്തുന്ന സ്ത്രീകള്‍ അടുത്തുള്ള ഹോം സ്റ്റേകളെയാണ് ആശ്രയിക്കുന്നത്. ഇത് തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനം കൈക്കൊള്ളാത്ത കോര്‍പ്പറേഷനെതിരെ പ്രതിഷേധമുയരുന്നുണ്ട്. കോര്പ്പറേഷന് ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസ് അങ്കണത്തിലുള്ള സര്‍ക്കാര്‍ വക ഗ്രീന്‍ ടോയ്ലറ്റിലേയ്ക്ക് പോകണമെങ്കില്‍ മാലിന്യകൂമ്പാരം താണ്ടണം. പരേഡ് മൈതാനത്തിനു സമീപമുള്ള കൊച്ചിന് ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസെറ്റി വക ടൊയ്ലെറ്റും അടഞ്ഞുകിടക്കുന്നു.കരാര്‍ ഏറ്റെടുത്ത സമീപത്തെ ഹോട്ടലുകാരന് ജീവനക്കാരുടെ കിടപ്പുമുറിയായി ഇത് ഉപയോഗിക്കുന്നത് വിവാദമായിരുന്നു.
200 ഓളം ബസ്സുകളെത്തുന്ന ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റില് നിര്‍മ്മിച്ച മൂത്രപ്പുര തുറക്കാതെ അടച്ചിട്ടിരിക്കുന്നതുമൂലം നുറുക്കണക്കിന് യാത്രക്കാരും ബസ് ജീവനക്കാരും വലയുന്നു. അടഞ്ഞുകിടക്കുന്ന ശുചിമുറികള്‍ ഉപയോഗ്യയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംഘടനകളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: