പത്തനംതിട്ട: ശബരിമല പൂങ്കാവനവും പരിസരവും പവിത്രവും പരിശുദ്ധവുമായി സൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിശുദ്ധിസേനാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിക്കുന്നു. 1995ല്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി രൂപീകരിച്ചതു മുതല്‍ കഴിഞ്ഞ 24 വര്‍ഷവും തുടര്‍ച്ചയായി സേവനത്തിനെത്തിയ വിശുദ്ധി സേനാംഗങ്ങളെയാണ് 19ന് ആദരിക്കുന്നത്. അയ്യപ്പസേവനം ഒരു വ്രതനിഷ്ഠപോലെ ഏറ്റെടുത്ത് ശബരിമല ശുചീകരണത്തിനായി എല്ലാവര്‍ഷവും എത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണ്. കാല്‍നൂറ്റാണ്ടുകാലമായി തുടര്‍ച്ചയായി അയ്യപ്പസേവനത്തിനെത്തുന്ന 21 പേരെയാണ് ആദരിക്കുന്നത്.
ശബരിമല സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പോലീസ് മേധാവി വൈസ്‌ചെയര്‍മാനും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായി 1995 ലാണ് സൊസൈറ്റീസ് ആക്ട് പ്രകാരം ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി രൂപീകരിച്ചത്. 1995ല്‍ ജില്ലാ കളക്ടറായിരുന്ന കെ.ബി. വത്സലകുമാരി ആയിരുന്നു ആദ്യ ചെയര്‍പേഴ്‌സണ്‍. അടൂര്‍ ആര്‍ഡിഒ ആയിരുന്ന കെ.വി. മോഹന്‍കുമാറായിരുന്നു ആദ്യ മെമ്പര്‍ സെക്രട്ടറി. മണ്ഡലമകരവിളക്ക് ഉത്സവകാലയളവില്‍ ശബരിമല സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക ശുചിത്വത്തിന്റെയും പ്രാധാന്യം തീര്‍ഥാടകരിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. സൊസൈറ്റിയുടെ കീഴില്‍ ശുചീകരണത്തിനായി എത്തുന്നവരെ വിശുദ്ധി സേനാംഗങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. 19ന് വൈകിട്ട് അഞ്ചിന് പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും.
ഈ വര്‍ഷം സന്നിധാനത്ത് 300 പേരും പമ്പയില്‍ 315 പേരും നിലയ്‌ക്കലില്‍ 150 പേരും പന്തളത്ത് 25 പേരും കുളനടയില്‍ 10 പേരുമാണ് സേവനം നടത്തിയത്.
















