കോഴിക്കോട്: ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഎമ്മിന്റെ പരാജയ സമ്മതമാണെന്ന് പ്രമുഖ ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍. പ്രത്യയ ശാസ്ത്രം തോറ്റെന്ന് ഉറപ്പായതിനാലാണ് സിപിഎം ആത്മീയതയിലേക്ക് തിരിയുന്നത്. ക്ഷേത്രാനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും ക്ഷേത്രത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നുമുള്ള സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്റെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു എം.ജി.എസ്.
അക്രമത്തിന്റെയും അഴിമതിയുടെയും വഴിയിലൂടെയാണ് സിപിഎം സഞ്ചരിക്കുന്നത്. പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പാര്‍ട്ടി വഴുതിമാറി. പണവും അധികാരവുമാണ് അവര്‍ ക്കിപ്പോള്‍ പ്രധാനം. വംശാധിപത്യവും അഴിമതിയുമാണ് കോണ്‍ഗ്രസ് നശിക്കാനുള്ള പ്രധാന കാരണം. സിപിഎമ്മും നാശത്തിന്റെ വഴിയിലാണ്. എന്നാല്‍ കോണ്‍ഗ്രസിനെ അപേക്ഷിച്ച് വ്യത്യസ്ത കാരണങ്ങളാണ് സിപിഎം തകര്‍ച്ചയ്‌ക്ക് പിന്നിലുള്ളതെന്നും എം.ജി.എസ് പറഞ്ഞു.
പണത്തിനും അധികാരത്തിനും വേണ്ടിയുള്ള അടവ് നയമാണ് സിപിഎം സ്വീകരിക്കുന്നത്. മനുഷ്യര്‍ക്ക് സമത്വം എന്നൊക്കെ മുമ്പ് അവര്‍ പറഞ്ഞു. അത് മിഥ്യാധാരണയാണ് എന്ന് മനസിലായി. മനുഷ്യര്‍ പരസ്പരം മത്സരിക്കാന്‍ ജനിച്ചവരാണ്. മത്സരിച്ചാണ് മനുഷ്യന്‍ ഉയര്‍ന്നു വന്നത്. ഇത് പാര്‍ട്ടി ഓര്‍ത്തില്ല. മനുഷ്യന്റെ രക്തത്തിലും പാരമ്പര്യത്തിലും ഉള്ളതാണ് മത്സരം. അതില്‍ നിന്ന് മുക്തമാകാന്‍ കഴിയുമെന്ന് സിപിഎം പ്രതീക്ഷിച്ചു. മനുഷ്യര്‍ക്കിടയില്‍ സമത്വമെന്നത് സിപിഎമ്മിന്റെ സ്വപ്‌നമായിരുന്നു. റഷ്യയിലും ചൈനയിലും സമത്വമുണ്ടെന്ന് പറഞ്ഞു. അതെല്ലാം പരാജയപ്പെട്ടു. ചൈനയ്‌ക്കും റഷ്യയ്‌ക്കുമൊന്നും സോഷ്യലിസം, കമ്യൂണിസം എന്നൊക്കെ പറഞ്ഞുള്ള ഒരു ഉയിര്‍ത്തെഴുന്നേല്പിന് സാധ്യത കാണുന്നില്ലെന്നും എം.ജി.എസ് പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്തം ഫാക്ടറി മുതലാളിത്തമായിരുന്നു. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും കമ്പനികളുടെ മുതലാളിത്തമായി. ഇപ്പോഴത് കോര്‍പ്പറേറ്റ് മുതലാളിത്തമായി. മുതലാളിത്തം പുതിയ രൂപങ്ങളില്‍ ലോകം മുഴുവന്‍ പരക്കുകയാണ്. ഇത് സിപിഎം അറിയുന്നുണ്ട്. കേരളത്തിലും അതിനനുസരിച്ചുള്ള മാറ്റമാണ് സിപിഎം വരുത്തുന്നത്. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്റെ പ്രസംഗം ഈ രീതിയിലുള്ളതാണ്. അവര്‍ അനുരഞ്ജനത്തിന്റെ വഴിയിലാണ്. വോട്ട്കിട്ടണമെന്നത് പ്രധാന ചിന്തയായി മാറിയിട്ടുണ്ട്. തത്താധിഷ്ഠിതമായ അടിത്തറയാണ് സിപിഎമ്മിനെ നിലനിര്‍ത്തിയത്. ഈ അടിത്തറ ഇല്ലാതാകുമ്പോള്‍ പാര്‍ട്ടി തന്നെ ഇല്ലാതാകുകയാണെന്നും എം.ജി.എസ് നാരായണന്‍ പറഞ്ഞു.
















