ന്യൂദല്‍ഹി: ദേശവിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പത്രസമ്മേളനം നടത്തിയ ജഡ്ജിമാര്‍ക്കെതിരെ നടപടി വേണമെന്നും മുതിര്‍ന്ന അഭിഭാഷകനായ ആര്.പി ലൂത്ര ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി സമര്‍പ്പിക്കാതെയുള്ള മുതിര്‍ന്ന അഭിഭാഷകന്റെ ആവശ്യം നിഷേധിക്കാനോ അംഗീകരിക്കാനോ ചീഫ് ജസ്റ്റിസ് തയ്യാറായില്ല.
കൊളിജിയം ശുപാര്‍ശകള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ന്യായാധിപര്‍ക്കിടയിലെ പൊട്ടിത്തെറിക്ക് വഴിവെച്ചത്. കൊളീജിയം ശുപാര്‍ശകള്‍ സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന ഒക്ടോബര്‍ 27ലെ എ.കെ ഗോയല്‍, യു.യു. ലളിത് എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യം കൊളീജിയത്തിലെ അംഗങ്ങളായ നാലു ജഡ്ജിമാര്‍ക്കുമുണ്ട്. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി നവംബര്‍ എട്ടിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളി. കൊളീജിയം അംഗങ്ങളുടെ പ്രധാന പ്രതിഷേധം ഈ വിഷയത്തിലാണെന്നാണ് സൂചന.
എന്നാല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജുഡീഷ്യല്‍ നിയമന കമ്മീഷന് റദ്ദാക്കിയ വിധിയില്‍ കൊളീജിയം നവീകരണത്തിന് തയ്യാറാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇനി വാക്കു മാറ്റാനാവില്ലെന്നുമാണ് ചീഫ് ജസ്റ്റിസിന്റെ നിലപാട്. മുതിര്‍ന്ന ജഡ്ജിമാര്‍ രാഷ്ട്രീയക്കളിയുടെ ഭാഗമായെന്ന പൊതുവികാരം സുപ്രീംകോടതിയില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: