ന്യൂദല്‍ഹി: സിബിഐ പ്രത്യേക കോടതി മുന്‍ ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ പ്രതിപക്ഷത്തിനെതിരെ പൊട്ടിത്തെറിച്ച് മകന്. അച്ഛന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും മകന് അനൂജ് പറഞ്ഞു. ദല്‍ഹിയില്‍ അഭിഭാഷകനൊപ്പം പത്രസമ്മേളനം നടത്തിയാണ് അനൂജ് തുറന്നടിച്ചത്.
മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല. അന്വേഷണം ആവശ്യമില്ല. രാഷ്ട്രീയ മുതലെടുപ്പിന്റെ ഇരയാകാന്‍ ആഗ്രഹിക്കുന്നില്ല. ഏതാനും ദിവസങ്ങളിലെ തുടര്‍ച്ചയായ സംഭവങ്ങളില്‍ കുടുംബം വേദനയിലാണ്. ചിലയാളുകള്‍ ഞങ്ങളെ അനാവശ്യമായി ശല്യം ചെയ്ത് ഭീതി പടര്‍ത്തുന്നു. ഇതേ തുടര്‍ന്ന് അമ്മ ചികിത്സയിലാണ്. ശല്യം ചെയ്യുന്നത് അസാനിപ്പിക്കണമെന്ന് സംഘടനകളോടും അഭിഭാഷകരോടും സന്നദ്ധപ്രവര്‍ത്തകരോടും ആവശ്യപ്പെടണമെന്നും മാധ്യമങ്ങളോട് അനൂജ് പറഞ്ഞു. അച്ഛന് മരിക്കുമ്പോള്‍ തനിക്ക് പതിനേഴു വയസായിരുന്നു. മാനസികമായി തകര്‍ന്നതിനാല്‍ ഒന്നും മനസിലാക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. അന്നെനിക്ക് സംശയമുണ്ടായിരുന്നു. ഇപ്പോഴത് നീങ്ങി. ഞങ്ങളെ ഉപദ്രവിക്കരുത്. അനൂജ് അപേക്ഷിച്ചു.
അമിത് ഷാ പ്രതിയായിരുന്ന സോഹ്റാബുദ്ദീന് ഷേഖ് ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണക്കിടെ 2014 ഡിസംബര്‍ ഒന്നിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജസ്റ്റിസ് ലോയ മരിച്ചത്. നാഗ്പൂരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇത്. സിബിഐ കോടതി പിന്നീട് ഷായെ കുറ്റവിമുക്തനാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്ത്തകന് ബി.ആര്. ലോണ്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
പൊളിഞ്ഞത് നുണകളുടെ ഘോഷയാത്ര
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രതിപക്ഷവും ഇടത് മാധ്യമങ്ങളും നടത്തുന്ന നുണപ്രചാരണമാണ് മകന്റെ തുറന്നുപറച്ചിലോടെ പൊളിഞ്ഞത്. അമിത് ഷാ ആയിരുന്നു ഇവരുടെ ലക്ഷ്യം. കാരവന് മാഗസിനാണ് വ്യാജപ്രചാരണത്തിന് തുടക്കമിട്ടത്.
ബന്ധുക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്നും ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചെന്നുമായിരുന്നു വാര്‍ത്ത. ഇത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ബിജെപി വിരുദ്ധര്‍ ഏറ്റുപിടിച്ചു. ഏതാനും ദിവസം മുന്‍പ് നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയതും ലോയയുടെ മരണവുമായി കൂട്ടിക്കെട്ടാന്‍ ഇവര്‍ ശ്രമിച്ചു.
ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് നല്കിയ കത്തില്‍ ലോയ കേസിനെക്കുറിച്ച് പരാമര്‍ശമില്ലാതിരിക്കെ ഒരു വിഭാഗം മാധ്യമങ്ങള്‍ മറിച്ച് പ്രചരിപ്പിച്ചു. അന്വേഷണമാവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി നല്കിയതും മാധ്യമപ്രവര്‍ത്തകനാണെന്നത് ശ്രദ്ധേയമാണ്. ലോയയുടെ മരണവുമായി ബന്ധപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ പ്രതികരണവും. കോണ്‍ഗ്രസ്-ഇടത്-എന്‍ജിഒ ഗൂഢാലോചനയാണ് ഇപ്പോള്‍ പൊളിഞ്ഞത്.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: