എകെജിയെക്കുറിച്ച് വി.ടി. ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് സിപിഎമ്മിനെ കുറച്ചൊന്നുമല്ല ഉലച്ചതെന്ന് അവരുടെ നേതൃത്വത്തിന്റെ പ്രതികരണങ്ങളില്‍നിന്നുതന്നെ മനസ്സിലാകുന്നുണ്ട്. ആകെയുള്ള ചുരുക്കം ബിംബങ്ങളിലൊന്നിനുനേരെയാണ് ബല്‍റാമിന്റെ കടന്നാക്രമണം. പ്രതിരോധിക്കാന്‍ വാക്കുകളില്ലാത്തതിനാല്‍, കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിനെ നിലയ്ക്കുനിര്‍ത്തണമെന്ന വളഞ്ഞ വഴിയാണ് സിപിഎം നേതൃത്വം തെരഞ്ഞെടുത്തത്. ബല്‍റാമിന്റെ ഓഫീസിനുനേരെ രാവും പകലുമെല്ലാമായി ആക്രമണം നടത്തിയും ഫേസ്ബുക്കില്‍, പറയാനറയ്ക്കുന്ന രീതിയില്‍ തെറിപറഞ്ഞുമാണ് യുവ സിപിഎം അണികള്‍ പ്രതികരിച്ചത്. അസഹിഷ്ണുതയുടെ അതിര്‍വരമ്പുകള്‍ തങ്ങള്ക്കിഷ്ടപ്പെടുന്നിടത്ത്, തങ്ങള്‍ വരയ്ക്കുന്നതാണ് എന്നു പറയാതെ പറയുന്നു ഇക്കാര്യത്തില്‍ സിപിഎം.
ബല്‍റാം നല്ല പുള്ളിയാണെന്ന ഒരു അബദ്ധവിചാരംപോലും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. തിരിച്ചാണെന്ന് അഭിപ്രായമുണ്ടുതാനും. എന്നാലും ഈ ഒരു സത്യം തുറന്നുപറഞ്ഞ് സിപിഎമ്മിന്റെ ആവിഷ്കാരസ്വാതന്ത്ര്യക്കുരു പൊട്ടിയൊലിപ്പിക്കാന് ഇടനല്‍കിയതിന് നന്ദി.
സ്വന്തം ആരാധനാബിംബങ്ങള്ക്കെതിരെ മറ്റുള്ളവര്‍ സത്യം പറയുമ്പോള്‍ പൊള്ളുന്നുണ്ടല്ലേ? അപ്പോള്‍ മറ്റുള്ളവരുടെ ബിംബങ്ങളെയും ആരാധനാമൂര്ത്തികളെയുംവരെ മ്ലേച്ഛമായ രീതിയില്‍ സിപിഎം സമീപിച്ചപ്പോള്‍ അവര്‍ക്ക് ഇതിലേറെ പൊള്ളുമെന്നുറപ്പല്ലേ? ഭാരതത്തിലെ കോടിക്കണക്കിന് ജനതയുടെ ആരാധനാമൂര്‍ത്തിയായ സരസ്വതീദേവിയെ നഗ്നയാക്കി വരച്ച എം.എഫ്. ഹുസൈനെ പിന്തുണയ്ക്കുകയും, രാജാരവിവര്‍മ്മ പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തതുവഴി ഹൈന്ദവസമൂഹത്തെ അവഹേളിക്കുകയല്ലേ സിപിഎം ചെയ്തത്? എന്തേ കേന്ദ്രകമ്മറ്റി സംസ്ഥാന നേതൃത്വത്തെ വിലക്കിയില്ല? സരസ്വതീദേവിയെ വീണ്ടും നഗ്നയാക്കി എസ്എഫ്ഐ കൂത്താടിയപ്പോള്‍ അവരെ നിലയ്ക്കുനിര്ത്താനെന്തേ സിപിഎം നേതൃത്വം തയ്യാറായില്ല?
ഒരു ക്രിസ്ത്യന്‍ പുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ച് ക്രിസ്ത്യന്‍ സഹോദരരെ വേദനിപ്പിച്ച സിപിഎം സംസ്ഥാന നേതാവിനെയെന്തേ മുകളിലുള്ളവര്‍ തിരുത്തിയില്ല?
ശങ്കരാചാര്യ പരമ്പരയില്‍പ്പെട്ട ഒരു സന്ന്യാസിവര്യനുവേണ്ടി ഒരുക്കിയ വേദിയില്‍ അദ്ദേഹത്തെ അപമാനിച്ച നേതാവിനെ എന്തേ സിപിഎം തിരുത്തിയില്ല? പൂജാരിയുടെ അടിവസ്ത്രത്തിന്റെ കണക്കുപറഞ്ഞ് ഹൈന്ദവജനതയെ ആക്ഷേപിച്ച നേതാവിനെയെന്തേ തിരുത്തിയില്ല?
ഹൈന്ദവസംഘടനകളുടെ വനിതാനേതാക്കളെ പ്രസംഗത്തിനിടയില്‍ പരസ്യമായി അപമാനിച്ച മന്ത്രിപുംഗവനെതിരെയെന്തേ സിപിഎം നടപടിയെടുത്തില്ല?
ഈയടുത്തകാലത്ത് നടന്ന ചില കാര്യങ്ങള്‍ മാത്രമാണിത്. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങളുണ്ട്. അതെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളാണെന്ന നെഗളിപ്പിന്റെ തലയ്ക്കേറ്റ ചുറ്റികയടിയാണ് ഇപ്പോള്‍ നടന്നത്.ഇനിയെങ്കിലും മനസ്സിലാക്കുക. കോണ്‍ഗ്രസുകാരന്റെയും സിപിഎമ്മുകാരന്റെയും ബിജെപിക്കാരന്റെയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണെങ്കിലും വികാരങ്ങള്‍ ഒരുപോലെയാണ്. ഹിന്ദുവിന്റേയും മുസ്ലിമിന്റേയും ക്രിസ്ത്യാനിയുടേയും വികാരങ്ങള്‍ ഒരുപോലെയാണ്. പരസ്പരം ബഹുമാനിച്ച് പോയില്ലെങ്കില്‍ ഇത്തരം തിരിച്ചടികള്‍കൂടി കൈനീട്ടിവാങ്ങാന്‍ തയ്യാറായേ പറ്റൂ. അത് പ്രകൃതിയുടെ നിയമമാണ്.
രാമചന്ദ്രന് പാണ്ടിക്കാട്,
ജില്ലാ സെക്രട്ടറി, ഭാരതീയ
വിചാരകേന്ദ്രം, മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: