ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മൂന്ന് ദുരന്ത നിവാരണ സമിതികള്‍ രൂപീകരിക്കാന്‍ കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. സമിതികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അണക്കെട്ടിന്റെ ഡി കമ്മീഷന്‍ കാലാവധി തീരുമാനിക്കുന്നതിന് അന്താരാഷ്‌ട്ര വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം. അണക്കെട്ട് സുരക്ഷിതമാണെന്നും എന്നാല്‍ ആയുസ് എത്രയെന്ന് പറയാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹര്‍ജിയിലെ ആശങ്കകള്‍ കണക്കിലെടുത്താണ് അടിയന്തര ഘട്ടത്തില്‍ ദുരന്ത നിവാരണത്തിനായി മുല്ലപ്പെരിയാറിനായി മാത്രം സമിതികള്‍ രൂപീകരിക്കാനുള്ള ഉത്തരവ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ജലകമ്മീഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അണക്കെട്ടിന്റെ ആയുസ് കൃത്യമായി പ്രവചിക്കാനാകില്ല. സുരക്ഷയെന്നാല്‍ അണക്കെട്ടിന്റെ ആയുസ്സാണെന്നു ബെഞ്ച് നിരീക്ഷിച്ചു. നിലവിലെ ഹര്‍ജിയിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കമോ നിയമ നടപടികളോ പാടില്ല. മറ്റു ഹര്‍ജികളെ തീരുമാനം ബാധിക്കില്ലെന്നും കോടതി പറഞ്ഞു.
















