സാന്‍ഫ്രാന്‍സിസ്‌കോ: തെക്കന്‍ കാലിഫോര്‍ണിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 17 ആയി. 30 പേര്‍ക്ക് പരിക്കേറ്റു. 13 പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
നൂറോളം വീടുകളാണ് പ്രളയത്തില്‍ പൂര്‍ണമായും നശിച്ചത്. മുന്നൂറിലധികം വീടുകള്‍ ഭാഗീകമായി നശിച്ചു. പ്രളയത്തെ തുടര്‍ന്ന് ചെളിക്കുണ്ടില്‍ താഴ്ന്നുപോയ വീടിന്റെ മുകള്‍ത്തട്ടില്‍ പിടിച്ചുകിടന്ന രണ്ടു വയസുകാരിയെ രക്ഷാപ്രവര്‍ത്തകര്‍ അദ്ഭുതകരമായി രക്ഷപെടുത്തി. കുട്ടിയുടെ കരച്ചില്‍ കേട്ട അയല്‍ക്കാര്‍ ആണ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലോസ് ആഞ്ചലസ് നഗരത്തിനു വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാര്‍പെന്റിരിയ മേഖലകളിലാണു ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടര്‍ന്നു പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. റോഡുകളില്‍ വന്‍ പാറക്കല്ലുകളും ചെളിയും നിറഞ്ഞു. ഏതാനും വീടുകള്‍ക്കും നാശമുണ്ടായി. അതിസമ്പന്നരും പ്രശസ്തരും താമസിക്കുന്ന മേഖലയാണു മോണ്ടിസിറ്റോ. ഇവിടെയുള്ള ഓഫ്രാ വിന്‍ഫ്രിയുടെ വീട് അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. മോണ്ടിസിറ്റോയില്‍ അഞ്ചുമിനിറ്റിനകം ഒന്നര സെന്റിമീറ്റര്‍ മഴയാണു പെയ്തത്.
സാന്റാ ബാര്‍ബര കൗണ്ടിയില്‍നിന്നു നേരത്തെ ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചുമാറ്റി. സാന്റാ ബാര്‍ബരയ്‌ക്കു കിഴക്കുള്ള റോമറോ കാന്യണില്‍ കുടുങ്ങിയ 300ല്‍ അധികം പേരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
















