ന്യൂദല്‍ഹി: ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയുടെ ദല്‍ഹി യുവജനറാലിക്ക് അനുമതി ഇല്ല. രാജ്യ തലസ്ഥാനത്ത് റാലികള്‍ നടത്തുന്നത് ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് പോലീസ് അനുമതി നിഷേധിച്ചത്.
ഏതോസമയം റാലി അനുമതി ഇല്ലാതെ തന്നെ നടത്തുമെന്നാണ് വിവരം. റാലിയില്‍ പങ്കെടുക്കുന്നവര്‍ ഇന്ന് ഉച്ചക്ക് 12ന് പാര്‍ലമന്റെ് സ്ട്രീറ്റില്‍ എത്തിച്ചേരുവാന്‍ ആവശ്യപ്പെട്ട് സംഘാടകര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. പാര്‍ലമന്റെ് സ്ട്രീറ്റിലെ പ്രക്ഷോഭത്തിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇവിടെ റാലികള്‍ നടത്തുന്നത് ഹരിത ട്രൈ ബ്യൂണല്‍ വിലക്കിയതാണ്.
മറ്റേതെങ്കിലും തെരുവുകളില്‍ റാലി നടത്താന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരതിന് തയാറായിട്ടില്ല എന്ന് ദല്‍ഹി പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹരിത ട്രൈബ്യൂണല്‍ വിധി ജന്തര്‍ മന്തറിനു മാത്രമാണ് ബാധകമെന്നും പാര്‍ലമന്റെ് സ്ട്രീറ്റിനല്ലെന്നും വിമര്‍ശകര്‍ പറയുന്നു.
















