സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തറവാട്ടുവീട്ടില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി ശത്രുസംഹാര പൂജ നടത്തിയതും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിനുവേണ്ടി കാടാമ്പുഴ ഭഗവതിക്ക് പൂമൂടല്‍ വഴിപാട് നടത്തിയതും വലിയൊരു അപരാധമായി പാര്‍ട്ടി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത് മാര്‍ക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടുമാത്രമാണ്!
”യൂറോപ്പിനെ ഒരു ഭൂതം ആവേശിച്ചിരിക്കുന്നു. കമ്യൂണിസമെന്ന ഭൂതം….” എന്ന ആമുഖത്തോടെയാണ് മാര്‍ക്സും എംഗല്‍സും ചേര്‍ന്നെഴുതിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1847-48) തുടങ്ങുന്നതു തന്നെ. (”A spectre is haunting Europe, The spectre of communism…”)
ഈ മാനിഫെസ്റ്റോവിനുശേഷമാണ് മൂലധനവും (ദാസ് കാപ്പിറ്റല്‍) ഇതരകൃതികളും വരുന്നത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും പാരീസ് കമ്യൂണും ലോകതൊഴിലാളി വര്‍ഗ്ഗവും എല്ലാം ചരിത്രവിദ്യാര്‍ത്ഥികളില്‍ കൗതുകമുണര്‍ത്തുന്ന ഭൂതകാല സ്മരണകളായി.
ഒന്നര നൂറ്റാണ്ടിനുശേഷം പോസ്റ്റ്-മാര്‍ക്സിയന്‍ ഗവേഷകനായ ദെറീദ ഒരു പുസ്തകമിറക്കുന്നു. സ്പെക്ടേഴ്സ് ഓഫ് മാര്‍ക്സ് (മാര്‍ക്സിന്റെ ഭൂതങ്ങള്‍) എന്ന പേരില്‍. പാര്‍ട്ടി ബുദ്ധിജീവികളായ എം.എ. ബേബി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സുനില്‍ പി. ഇളയിടം തുടങ്ങിയവരുടെ തോള്‍സഞ്ചിയില്‍ ഇതു കാണാവുന്നതാണ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് ദെറീദയേയോ ഈഗിള്ടണേയോ വായിച്ചിട്ടില്ലെന്നാണ് ബേബി പറയുന്നത്. അതു വായിക്കാതെ ഈ ലോകം വെടിഞ്ഞ ഇഎംഎസിനെ ഓര്‍ത്ത് നമുക്ക് വിലപിക്കാം!
1989-ല്‍ ജര്‍മ്മന്‍ മതില് പൊളിച്ചതിനും, തുടര്‍ന്നുനടന്ന സോവിയറ്റുകളുടെ ശിഥിലീകരണത്തിനും ശേഷമാണ് ദെറീദ ഈ പഠനം നടത്തിയതും, പ്രേതബാധയുടെ താത്വിക ന്യായീകരണങ്ങളിലേക്കു കടക്കുന്നതും. എന്നിട്ടും വടക്കന്‍ കൊറിയയിലും ചൈനയിലുമൊക്കെയുണ്ടായ പാര്‍ട്ടിയുടെ മെറ്റമോര്‍ഫസിസ് (രൂപപരിണാമം) ശുദ്ധ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകളെ അലട്ടുകയാണ്. സ്റ്റാലിനിസത്തെ വിശ്വാസപ്രമാണമായി അംഗീകരിച്ചിട്ടുള്ള ഒരു പാര്‍ട്ടിക്ക് അതിന്റെ ആവശ്യവുമില്ല. സിപിഐക്കാര്‍ മാത്രമാണ് ക്രൂഷ്ചേവിനെ പിന്തുടര്ന്ന് സ്റ്റാലിനെ തള്ളിപ്പറഞ്ഞിട്ടുള്ളൂ.
ബ്രോം സ്റ്റോക്കറുടെ കഥാപാത്രമായ ഡ്രാക്കുളയ്ക്ക് പേടിയുള്ള ഒരേയൊരു വസ്തു കുരിശായിരുന്നു. കുരിശിന്റെ സുരക്ഷിതവലയത്തിലാണ് ക്രൈസ്തവസഭ കെട്ടിപ്പടുത്തത് എന്നുപറയാറുണ്ട്. പഴയ ജറുസലേമിലും ഈജിപ്തിലുമൊക്കെ വധശിക്ഷ നടപ്പാക്കാന്‍ കുരിശില്‍ തറച്ചുകൊല്ലുകയായിരുന്നു പതിവ്. യേശുവിനെ യഹൂദ പുരോഹിതര്‍ കുരിശു ചുവപ്പിച്ച് അതില്‍ ആണിയടിച്ച് പിടഞ്ഞുമരിക്കാന്‍ വിടുകയായിരുന്നു. മരക്കുരിശായിരുന്നു. കോണ്‍ക്രീറ്റിലോ സ്റ്റീലിലോ ആയിരുന്നില്ല അന്നത്തെ കുരിശ്. ആദ്യകാല ക്രിസ്ത്യാനികള്‍ അതുകൊണ്ടുതന്നെ കുരിശിനെ ആരാധിച്ചിരുന്നില്ല. ക്രിസ്തുമതം പില്ക്കാലത്ത് റോമാ സാമ്രാജ്യത്തിന്റെ മതമായതിനുശേഷമാണ് (എഡി നാലാം നൂറ്റാണ്ടിനുശേഷം) കുരിശ് ആരാധിക്കപ്പെടുന്നത്.
ഏതു പ്രേതത്തെ ഉച്ചാടനം ചെയ്യാനും കുരിശു കാണിച്ചാല്‍ മതിയാകുമെന്നായി. തിരുവിതാംകൂറില്‍ ക്രിസ്തുമതം പ്രചരിപ്പിച്ചത് വാസ്തവത്തില്‍ കടമറ്റത്തു കത്തനാരായിരുന്നു. വിദ്യാഭ്യാസം, ആതുരസേവനം, താഴ്ന്ന ജാതിക്കാരെ ഉയര്‍ത്തല്‍ എന്നിവകൊണ്ടാണെന്ന് കൊളോണിയല്‍ ചരിത്രകാരന്മാര് സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നേയുള്ളൂ. ചുവന്നപട്ടിലെ അരിവാളും ചുറ്റികയും നക്ഷത്രവും ബലിക്കളത്തിലെ മാന്ത്രിക ചിഹ്നങ്ങളാണ്.
മുസ്ലിം വോട്ടുബാങ്കിനെ കുടെനിര്ത്തുന്നതാണ് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ഇന്ന് ഏതൊരു രാഷ്ട്രീയ നേതാവിനുമറിയാം. ബംഗാളില്‍ സിപിഎം തകര്‍ന്നത് മമതാ ബാനര്‍ജി ആ വിഭാഗത്തെ കയ്യിലെടുത്തതുകൊണ്ടാണ്. ബംഗ്ലാദേശില്‍നിന്ന് വന്ന മുഴുവന്‍ കുടിയേറ്റക്കാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. കേരളത്തില്‍ മുസ്ലിംലീഗിന്റെ വോട്ടുബാങ്കിലേക്ക് സിപിഎം കയറിപ്പറ്റിയത് നിരോധിത സംഘടനയായ ‘സിമി’യുടെ നേതാവിനെ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിപ്പിച്ചുകൊണ്ടാണ്. ശക്തനായ കുഞ്ഞാപ്പയെ മലര്‍ത്തിയടിക്കാന്‍ കെ.ടി. ജലീലിനു കഴിഞ്ഞു. ഇപ്പോള്‍ ജലീല്‍ മന്ത്രിയുമായി. മാധവിക്കുട്ടിയെ സുരയ്യയാക്കിയ ‘സിമി’ നേതാവ് മുസ്ലിംലീഗിന്റെ നേതാവുമായി. സമദാനി ഇന്ന് മലബാറിന്റെ സാംസ്കാരിക നായകനുമാണത്രെ. പരോളിലിറങ്ങിയ മദനിയെ മുന്നില്‍നിര്‍ത്തി ഒറ്റപ്പാലം ലോക്സഭാ സീറ്റ് സിപിഎം സ്വന്തമാക്കിയല്ലോ.
ബഹുഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിന്റെ ആത്മീയ നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഇപ്പോള്‍ സിപിഎമ്മിന്റേയും ആചാര്യനാണ്. ഈയിടെ അദ്ദേഹം ദല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് കേരള സിപിഎമ്മിന് മാനസികമായി വിഷമമുണ്ടാക്കിയിരുന്നു. നബിയുടെ മുടിയുമായാണ് അദ്ദേഹം കുറച്ചുകാലംമുന്പ് വിശ്വാസികളെ ആകര്‍ഷിച്ചിരുന്നത്. ലീഗുകാര്‍ കാന്തപുരത്തിന്റെ വിശ്വാസികളെ അരിവാള്‍ സുന്നികളെന്നേ പറയൂ.
‘ഇസ്ലാമിക ജ്യോതിഷവും മന്ത്രവാദവും’ എന്ന ഹക്കിം പി. സുലൈമാന്‍ മൗലവിയുടെ പുസ്തകം ‘ചിന്ത’യെക്കൊണ്ട് പുറത്തിറക്കി ഹൈസ്കൂള്‍ പാഠപുസ്തകമാക്കാവുന്നതാണ്. മമ്പുറം തങ്ങളുടെ കാലം മുതല്‍ ഇപ്പോള്‍ പാണക്കാട്ട് തങ്ങള്‍വരെ മന്ത്രവാദ ചികിത്സ നടത്തുന്നവരാണ്. സുലൈമാന്‍ മൗലവി യുനാനി ചികിത്സയോടൊപ്പവും, പാണക്കാടു തങ്ങള്‍ ആയുര്‍വേദ മരുന്നിനോടൊപ്പവും ഫലമുണ്ടാകാന്‍ മന്ത്രവാദം മേമ്പൊടിയായി ചെയ്യാറുണ്ടെന്നുള്ളത് ഏവര്‍ക്കും അറിയാം. ജമാ അത്തെ ഇസ്ലാമി മാത്രമാണ് ഇതെല്ലാം അനിസ്ലാമികവും വിഗ്രഹാരാധനയുടെ ഭാഗവുമാണെന്ന് പറയുന്നത്.
ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത് 1897 ലാണ്. ബ്രിട്ടന്റെ കോളനി വാഴ്ചയുടെയും മാര്‍ക്സിയന്‍ പഠനങ്ങളുടെയും പശ്ചാത്തലത്തില്‍ ഡ്രാക്കുളയെ പലരും പഠനവിധേയമാക്കിയിട്ടുണ്ട്. കാര്‍പാത്യന്‍ മലനിരകളിലെ നിഗൂഢമായ കല്ലറയില്‍നിന്ന് ലണ്ടന്‍ നഗരത്തിലെത്തുന്ന ഈ രക്തരക്ഷസ്സ് തങ്ങളുടെ രക്തമൂറ്റുമെന്ന് നഗരവാസികള്‍ ഭയപ്പെടുന്നു. തങ്ങളുടെ കോളനികള്‍ നഷ്ടപ്പെടുമെന്നും, തങ്ങള്‍ പിശാചുക്കളാകുമെന്നും ഈ പരിഷ്കൃത ക്രൈസ്തവര്‍ ഭയക്കുന്നു. നൂറ്റാണ്ടുകള്ക്കുമുന്പ് മരിച്ചുപോയ ഡ്രാക്കുള പ്രഭു കല്ലറയില്നിന്നുവരുന്നത് തങ്ങളെ പ്രാകൃതരാക്കുമെന്ന് അവര്‍ക്കറിയാം. ആഭിചാരവും രാസവിദ്യയുപയോഗിച്ച പ്രേതപരീക്ഷണങ്ങളുമാണ് അയാളെ സാത്താന്റെ അനുയായിയാക്കിയതെന്നു കാണാം. ഇപ്പോള്‍ സാത്താന്റെ അനുയായിയാണെങ്കിലും ജീവിച്ചിരുന്ന കാലത്ത് താന്‍ നല്ല ക്രിസ്ത്യാനിയായി മുസ്ലിങ്ങള്‍ക്കെതിരെ പട നയിച്ചിരുന്നുവെന്ന് ഡ്രാക്കുള പ്രഭു അവകാശപ്പെടുന്നു.
ലണ്ടനില്‍ കഴിഞ്ഞിരുന്ന മാര്‍ക്സിനെ ഈ ഡ്രാക്കുള പഠനങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്താവുന്നതാണ്. കമ്യൂണിസമെന്ന പിശാചിനെ ഒഴിവാക്കല്‍ യൂറോപ്യന്‍ മുതലാളിത്തത്തിന്റെ ആവശ്യമായി മാറുകയും, ഇതിനെതിരെ ജര്‍മ്മനിയില്‍നിന്ന് ലണ്ടനില്‍ കുടിയേറിപ്പാര്‍ത്ത തന്റെ യഹൂദ പിതാവിനെ മാര്ക്സിന് മനസ്സില്‍ ആവാഹിക്കുകയും വേണ്ടിയിരുന്നു. യഹൂദര്‍ ജര്‍മ്മനിയിലെ ആര്യരക്തത്തെ അശുദ്ധമാക്കുന്നുവെന്നായിരുന്നല്ലോ പില്ക്കാലത്ത് ഹിറ്റ്ലര്‍ കണ്ടെത്തിയത്. ഹിറ്റ്ലറും മുസ്സോളിനിയും നല്ല കത്തോലിക്കരായിരുന്നു.
സോഷ്യലിസ്റ്റും സെക്യുലറിസ്റ്റും യുക്തിവാദിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ചൈന, ഇന്ത്യയെ ആക്രമിച്ച കാലത്ത് മാനസികമായും ശാരീരികമായും ഏറെ തളര്‍ന്നിരുന്നു. സോവിയറ്റ് വിധേയത്വമുള്ള തന്റെ ചേരി ചേരാ നയം രക്ഷയ്ക്കെത്തുന്നില്ലെന്നും മനസ്സിലായി. തുടര്‍ന്നദ്ദേഹം അഘോരസന്ന്യാസിമാരെക്കൊണ്ട് രാത്രിയുടെ നിശ്ശബ്ദതയില്‍ പ്രേതപൂജ നടത്തിയതായി പറയപ്പെടുന്നു. ഇത് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മത്തായിയുടെ പുസ്തകത്തില്‍ നിന്നല്ല ഉദ്ധരിക്കുന്നത്. തീന്‍മൂര്‍ത്തിഭവനിലെ നെഹ്റുവിന്റെ സ്വകാര്യ ഡോക്ടര്‍ മെഡിക്കല്‍ കോളജില്‍നിന്ന് മൃതശരീരമെത്തിച്ചതും അര്‍ദ്ധനഗ്നരായ ഏതാനും സന്യാസിമാര്‍ അതുവച്ചു പൂജിച്ചതും ഡോക്ടര്‍ തന്നെ പില്ക്കാലത്ത് സമ്മതിക്കുന്നുണ്ട്.
അതുകൊണ്ട് പാര്‍ട്ടിക്കുള്ളിലേയും പുറത്തേയും ശത്രുക്കളെ ഒതുക്കാന്‍ സിപിഎം സെക്രട്ടറി ശത്രുസംഹാര പൂജ ചെയ്തതില്‍ വലിയ അനൗചിത്യമുണ്ടെന്ന് തോന്നുന്നില്ല. പൂജ സാത്വികമായിരിക്കണോ താമസമായിരിക്കണോ എന്നത് പൂജ ചെയ്യിക്കുന്നയാളിന്റെ മനോനിലയുടെ പ്രശ്നമാണ്. രക്തം കണ്ടും രക്തം വീഴ്ത്തിയും അറപ്പുമാറിയ കൈകള്‍ക്ക് എന്തായാലും താമസപൂജകളേ യോജിക്കൂ.
പ്രൊഫ. ടി.പി. സുധാകരന്
(എഴുത്തുകാരനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: