വേറെ പ്രവൃത്തികളൊന്നും ചെയ്യാതെ ഞാന്‍ നിവൃത്തി മാര്‍ഗത്തിലാണെന്ന് ധരിച്ച് കൃഷ്ണാരാമാ പാടിയിരിക്കുന്നവര്‍ ഈശ്വരനെ ദ്വേഷിക്കുന്നവരാണ് എന്ന വിഷ്ണുപുരാണ പ്രോക്തമായ ഭാഗം നാം കണ്ടല്ലോ ? ഇതൊരുതരം ആസുരികമായ വാസനയാണെന്നുപോലും ഗീത ഉദ്ധരിച്ച് സമര്‍ഥിക്കാന്‍ കഴിയും.
പ്രവൃത്തിം ച നിവൃത്തിം ച ജനാ ന വിദുരാസുരാഃ
ന ശൗചം നാചി ചാചാരോ ന സത്യം തേഷുവിദ്യതേ (ഗീത 16.7)
അസുരന്മാരെല്ലാം തന്നെ വലിയ ഭക്തന്മാരും ആയിരുന്നു. ബ്രഹ്മാവിനെയും ശിവനെയും വിഷ്ണുവിനെയും ഒക്കെ പ്രസാദിപ്പിക്കും. വരങ്ങള്‍ നേടും. ഭജനയും കീര്‍ത്തനവുമൊക്കെ അവര്‍ക്കും ഉണ്ട്. പക്ഷേ സാധുജനങ്ങളെയും ഭക്തന്മാരെയും ഋഷികളെയും മറ്റു സാത്വിക ജീവികളെയും സദാ ഉപദ്രവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് ‘ബാന്ധവാ ശിവ ഭക്താശ്ച സ്വദേശോഭുവനത്രയം’ എല്ലാ ശിവഭക്തന്മാരും തന്റെ ബന്ധുക്കളാണ്. ജഗത്തിന്റെ മാതാപിതാക്കളായ പാര്വതീപരമേശ്വരന്മാരുടെ മക്കളാണ് നാമെല്ലാം. ഭുവനത്രയവും ത്രൈലോക്യങ്ങളും ഒരു കുടുംബമാണെന്ന മനോഭാവവും ഉണ്ടാവണം. ‘വസുധൈവകുടുംബകം’ ‘യത്ര വിശ്വം ഭവതേ്യകനീഡം’ എന്നീ ആശയങ്ങള്‍ ഭാരതം നമുക്കും ലോകത്തിനും സംഭാവന ചെയ്തിട്ടുണ്ട്.
അപ്പോള്‍ എന്താണ് വേണ്ടത്. ഓരോരുത്തര്‍ക്കും പ്രകൃത്യാ വന്നു ചേരുന്നതും അനുപേക്ഷണീയവുമായ ധര്‍മം നിര്‍വഹിക്കുക. മാതൃധര്‍മം, പുത്രധര്‍മം, അധ്യാപക/വിദ്യാര്‍ഥി ധര്‍മം ഭര്തൃധര്മം എന്നിങ്ങനെ ഓരോരുത്തരുടെയും സ്വഭാവത്തിനും സ്ഥാനത്തിനും അനുസരിച്ച് ചെയ്യേണ്ട ധര്‍മം ആചരിക്കുക. ഫലേച്ഛകൂടാതെ ഇതാണ് കര്‍മയോഗത്തിന്റെ ആദ്യപടി.
ഭഗവാന്റെ അവതാരങ്ങളെല്ലാം തന്നെ ധര്‍മ സംരക്ഷണാര്‍ഥമുള്ള കര്‍മകാണ്ഡങ്ങള്‍ ആയിരുന്നുവല്ലോ ? ഭഗവാന് നേടാനായിട്ടോ നഷ്ടപ്പെടാനായിട്ടോ ഒന്നുമില്ല. എന്നിരുന്നിട്ടും സദാ കര്‍മനിരതനായി ലോകത്തിന് ഉത്തമദൃഷ്ടാന്തമായിത്തീര്ന്നു. ”നമേ പാര്ഥാതികര്ത്തവ്യം… എന്ന ഗീത (3.22) ശ്ലോകം ശ്രദ്ധിക്കാം. ‘കര്‍മം ചെയ്യുക നമ്മുടെ ലക്ഷ്യം’ എന്ന് സോദോഹരണം ലോകത്തെ പഠിപ്പിക്കുന്നവയാണ് ഭഗവദ്ലീലകളെല്ലാം തന്നെ.
സ്വധര്മമാകുന്ന, അതിന്റെ അനുഷ്ഠാനമാകുന്ന കര്മയജ്ഞത്തിലൂടെയാണ് മോക്ഷഗതി എന്ന് ഗീത അനുശാസിക്കുന്നു.
യജ്ഞാര്ഥാന് കര്മണോന്യത്ര ലോകോയം കര്‍മബന്ധന (3.9)
സ്വേ സ്വേ കര്‍മണ്യ ഭിരത……….. (18.45)
സ്വകര്മണാ ത്യഭ്യാര്ച്ച സിദ്ധം വിന്ദതി മാനവ (18.46)
എന്നീ ശ്ലോകഭാഗങ്ങള്‍ ശ്രദ്ധിച്ചു പഠിക്കാം.
”സ്വധര്‍മത്തില്‍ അഭിരമിക്കുന്നവനായിത്തീരുക”, ഇന്നു പലരും സ്വധര്‍മവും കര്‍മവും മാറ്റിവച്ച് മറ്റ് പലതിന്റെയും പുറകെ പോകുന്നു. അത്തരക്കാരെ ഗീത താക്കീത് ചെയ്യുന്നുണ്ട്.
ശ്രേയാന്‍ സ്വധര്‍മോ……………………
സ്വധര്‍മേനിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ(ഗീത3.35)
വീടും കുടുംബവും തന്റെ ഔദേ്യാഗികമായ ഉത്തരവാദിത്വങ്ങളും സമൂഹത്തോടുണ്ടാവേണ്ട പ്രതിബദ്ധതയുമെല്ലാം വിസ്മരിച്ച്, ജീവിത പ്രശ്നങ്ങളില്‍നിന്നും കരകയറാം എന്നു കരുതി ആത്മഹത്യചെയ്യുന്നവര്‍. ചിലര്‍ മോഷണമോ പിടിച്ചുപറിയോ തീവ്രവാദമോ ഒക്കെ ആയി നടക്കും. ചിലര്‍ കുറച്ചുകൂടി എളുപ്പവഴി കണ്ടുപിടിക്കാനായി ജ്യോതിഷവും മാന്ത്രികവും ഒക്കെ പ്രയോഗിച്ചുനോക്കും. സപ്താഹാദികളില്‍ പങ്കെടുത്ത് ഉറങ്ങി, ഊണുമുണ്ട് പോരുന്നവരും ഇന്ന് ധാരാളം. ഇതെല്ലാം സ്വധര്‍മ/കര്‍മ വിമുഖതയുടെ ലക്ഷണങ്ങള്‍തന്നെ. ഇവയൊന്നും ശ്രേയസ് കരങ്ങളല്ല എന്നാണ് ഗീതയുടെ മതം.
ഭാഗവതത്തിന്റെയോ പുരാണാദികളുടെയോ മാഹാത്മ്യമോ ജീവിതദര്ശനമോ അര്‍ഥമോ വ്യാപ്തിയോ ആരും പഠിക്കാന്‍ മുതിരാതെ പ്രസാദഭോജനത്തിനായി മാത്രം പോകുന്നവരാണ് ധാരാളം. ബഹുഭൂരിപക്ഷവും അങ്ങനെതന്നെ. അതിലൂടെ ഭക്തിയോ ജ്ഞാനമോ സമ്പാദിക്കാനാകുന്നില്ല. വെറുമൊരു അനുഷ്ഠാനമായി അതു ചുരുങ്ങുന്നു. ഭാഗവതപുരാണ പ്രഭാഷകരും ജനങ്ങളെ പ്രബുദ്ധരാക്കാന്‍ ശ്രമിക്കാതെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ചും കരയിച്ചും നാടകാഭിനയം നടത്തിയും ചൂഷണം ചെയ്യുന്നു.
യോഗഃ കര്‍മസു കൗശലം
അപ്പോള്‍ ഓരോരുത്തരും സ്വന്തംഭാവം, സ്വപ്രകൃതിക്കനുസരിച്ചുള്ള കര്‍മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കണം. സഹജകര്‍മം അതുകുറച്ച് കുറഞ്ഞതാണെങ്കില്കൂടി സഹജം കര്‍മകൗന്തേയ സദോഷമപി’ അതില്‍നിന്നു മാറിനില്ക്കാന് പാടില്ല എന്ന് ഗീതം.ഒരാള്‍ ഒരു പ്യൂണ്‍ ആണ്. അവിടെ വിവിധതലങ്ങളിലായി ആ സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദേ്യാഗസ്ഥരും മാനേജര്‍മാരും ഒക്കെയുണ്ട്. അവര്‍ക്ക് മുമ്പില്‍ താന്‍ ആരുമല്ല തന്നെ. ആരും മാനിക്കുന്നില്ല. ശമ്പളം കുറവാണ് എന്നു കരുതി അയാള്‍ സ്വധര്‍മം- അയാള്‍ ചെയ്യേണ്ടുന്ന ജോലികള്‍ നിര്‍വഹിക്കാതിരുന്നാല്‍ ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ആകെ അതു ബാധിക്കുന്നു.
അതേപോലെ സമാജത്തിനും പലതലങ്ങളുണ്ടാവും. ഓരോ തലത്തിലുള്ളവര്‍ക്കും നിയോഗിക്കപ്പെട്ട ചുമതലകളും. അതില്‍നിന്നെല്ലാം ഓരോരുത്തരും ഒഴിഞ്ഞുമാറുന്നുവെങ്കില് സമാജവും തദ്വാരാ ആ ദേശവും രാഷ്ട്രവും പരാജിതമാകും. ഇവിടെയാണ് ഗീത 3.35 ശ്ലോകം പ്രയോഗവത്കരിക്കപ്പെടുന്നത്.
ബ്രാഹ്മണ ക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കര്‍മാണി പ്രവിഭക്താനി സ്വഭാവ പ്രഭവൈര്ഗ്ഗണെഃ (ഗീ.18.41)
സ്വഭാവപ്രകൃതൈര് ഗുണൈഃ എന്നത് ചാതുര്‍വര്‍ണ്യത്തെ സാധൂകരിക്കുകയല്ലേ എന്ന വാദം വരാം. ഗുണത്തിന്റെയും കര്‍മത്തിന്റെയും അടിസ്ഥാനത്തിനുള്ള ചാതുര്‍വര്‍ണ്യം തന്നെഇന്നും ഔദേ്യാഗിക തലത്തില്‍ കാണാം. ഇതിനെ മറ്റൊരുതരത്തില്‍ വിഭജിക്കാന്‍ സായിപ്പിനോ പിന്നീട് ഭരണത്തില്‍വന്ന മെക്കാളെയന്‍ കറുത്തസായിപ്പന്മാര്ക്കോ സാധിക്കാതെ പോയി. ഇപ്പോഴും തഥൈവ.
സ്വധര്‍മം അനുഷ്ഠിക്കാതിരിക്കുക എന്നുവരുമ്പോള്‍ അതേസമയം വേണ്ടാത്ത കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുക, പരധര്‍മം ഏറ്റെടുക്കുക എന്നുതന്നെയാവും ഫലം. ‘എന്തെന്നാല്‍ കാര്യതേ ഹ്യവശകര്മ സര്വപ്രകൃതിജൈര് ഗുണൈഃ പ്രകൃതി നമ്മെകൊണ്ട് എന്തെങ്കിലും പണിയെടുപ്പിക്കാന്‍ വരും ‘പ്രകൃതേര്ക്രിയമാണാനി’ എന്ന ഗീതയിലെ പ്രയോഗവും ശ്രദ്ധിക്കുക. സ്വധര്‍മമാണ് ശ്രേയസ്കരം, പരധര്‍മം ഭായാവഹമാണ്. ഭയം ആകട്ടെ പിന്നീട് പലതരം ദുരന്തങ്ങളിലേക്ക് നയിക്കുന്നു എന്ന് മുമ്പേതന്നെ പറഞ്ഞിട്ടുണ്ട്. ‘അഭയം’ ആണ് വിജയി ആകാനുള്ള പ്രഥമ യോഗ്യത. ‘ബൃഹദാരണ്യക ഉപനിഷത്തില്‍’ ”അഭയം വൈപ്രാപ്നോസി ജനകഃ ”King Janaka, you have achieved f-earless hess” sage yajnavalkya. So what is the have of god? fear lessness. To attain go-d you become fearless” (Swami Reng-a………. P95 Universal Message of Gita Vo-l.I) അതുകൊണ്ട് സ്വധര്‍മം അതീവ നൈപുണ്യത്തോടെ അനുഷ്ഠിക്കുക എന്നതാണ് മാനവധര്‍മം. അതിനാല്‍ കര്‍മഫലത്തില്‍ ആശങ്കയില്ലാതെ, അതേകുറിച്ച് വേവലാതിപ്പെടാതെ ചെയ്യേണ്ടതായ കാര്യങ്ങള്‍ അനുഷ്ഠിക്കുക. വേവലാതി കര്‍മത്തിലുള്ള പൂര്‍ണതയും മേന്മയും ശ്രദ്ധയും നഷ്ടപ്പെടുത്തും. അതിനാല്‍ ഗീത കര്‍മ്മഫലം എന്തെന്ന് ചിന്തിക്കാതെ ജോലിചെയ്യാന്‍ പറയുന്നു. അതുതന്നെയാണ് കര്‍മയോഗം. അതിലൂടെ ഫലപ്രാപ്തിയും പരമപദപ്രാപ്തിയും ഗീത വാഗ്ദാനം ചെയ്യുന്നു.
‘പരിശ്രമം
ചെയ്യുകിലെന്തിനെയും കരത്തിലാക്കാന്‍
കഴിവുള്ളവണ്ണം ദീര്ഘങ്ങളാം
കൈകളെ നല്കിയത്രേ
മനുഷ്യരേപ്പാരിലയച്ചതീശന്.
(അവസാനിച്ചു)
കെ. ശ്രീകുമാരശര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: