ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ രണ്ടു ഹിന്ദു ധാന്യ വ്യാപാരികളെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തി. സഹോദരങ്ങളായ ദിലീപ് കുമാര്‍, ചന്ദര്‍ മഹേശ്വരി എന്നിവരാണ് കൊല്ലപ്പെട്ടത്. തര്പര്ക്കാര് ജില്ലയിലെ മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന ഇവരുടെ വ്യാപാര സ്ഥാപനത്തിന് മുന്പിലായിരുന്നു സംഭവം. വ്യാപാര സ്ഥാപനം തുറക്കാന്‍ എത്തിയപ്പോഴായിരുന്നു ഇരുവര്‍ക്കുമെതിരേ ആക്രമണമുണ്ടായത്.
ബൈക്കിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ എതിര്‍ത്തതോടെ ഇരുവര്‍ക്കുമെതിരേ നിറയൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പാക്കിസ്ഥാനിലെ ഏറ്റവും ശാന്തമായ പ്രദേശങ്ങളില്‍ ഒന്നാണ് തര്പര്ക്കാര് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു സംഭവം ഇവിടെ ആദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് ഹിന്ദു ഭൂരിപക്ഷമായ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങളെല്ലാം അടച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. പ്രദേശത്തെ പ്രധാന റോഡുകളും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: