പാറശ്ശാല: ശരണമന്ത്രമുരുവിട്ട് നഗ്നപാദരായി കാനനവാസന്റെ ദര്‍ശനപുണ്യം തേടിയുള്ള കുന്നത്തുകാലിലെ അയ്യപ്പസംഘത്തിന്റെ പദയാത്ര തുടങ്ങി. പതിവ് തെറ്റിക്കാതെ തുടര്‍ച്ചയായി 28 വര്‍ഷം പിന്നിട്ട ഈ പദയാത്ര കുന്നത്തുകാല്‍ ചിമ്മിണ്ടി ശ്രീ നീല കേശി ദേവീക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്. പുരവൂര്‍, വെള്ളറട, മുഞ്ചിറ, മണവാരി, മലയടി, കാരക്കോണം, പരശുവയ്ക്കല്‍, നാറാണി തുടങ്ങി സമീപപ്രദേശങ്ങളിലെ അയ്യപ്പന്മാര് യാത്രയില്‍ പങ്കുചേരുന്നുണ്ട്.
ഇക്കുറി 22 അയ്യപ്പന്മാരാണ് സംഘത്തിലുള്ളത്. 1989 ഡിസംബറിലാണ് പദയാത്ര സംഘത്തിന്റെ ശബരിമല യാത്ര ആരംഭിച്ചത്. തുടക്കത്തില്‍ ഏഴ് അയ്യപ്പന്മാരുമായി തുടങ്ങിയ യാത്രയില്‍ 250 ഓളം അയ്യപ്പന്മാര് പങ്കാളികളായിട്ടുണ്ട്. വെളളറട സ്വദേശിയായ ഗുരുസ്വാമി കരുണാകരന്‍നായരുടെ നേതൃത്വത്തിലായിരുന്നു മലയാത്ര. അദ്ദേഹത്തിന്റെ വിയോഗത്തോടെ മുതിര്‍ന്ന സ്വാമിമാരായ കുന്നത്തുകാല്‍ പത്മകുമാര്‍, സുധാകരന്, രവി എന്നിവരുടെ നേതൃത്തിലായിരുന്നു തുടര്‍ന്നുള്ള യാത്ര. നീലകേശി ദേവീക്ഷേത്രത്തില്‍ അന്നദാനവും നയത്തിയ ശേഷം ക്ഷേത്രസന്നിധിയില്‍ നിന്നു യാത്രതിരിച്ച് ഒന്നാം ദിവസം കളളിക്കാട് ചിന്താലയ ആശ്രമത്തില്‍ എത്തിചേരും. 10 ദിവസം നീളുന്ന തീര്‍ത്ഥാടനത്തില്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കല്ലേലി തമ്പുരാന് ക്ഷേത്രം, കോന്നി മുരിങ്ങമംഗലം വഴി മലയാലപ്പുഴ ദേവീക്ഷേത്രം, റാന്നി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരുമേലി, കൊടികുത്തി, മുണ്ടക്കയം, പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരുന്തുംപാറ വഴി സത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് എരുമേലി, പീരുമേട്, പുല്‍മേട്, ഉപ്പുപ്പാറ വഴിയാണ് ശബരീശ സന്നിധിയില്‍ എത്തിച്ചേരുക.
പൂര്‍ണ്ണമായും പരമ്പരാഗത പാതകളെ മാത്രം ആശ്രയിച്ചാണ് യാത്ര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തമിഴ്നാട്ടിലെ തിരുനെല്‍വേലി എന്നീ അഞ്ച് ജില്ലകളിലൂടെയുള്ള യാത്രയ്ക്കിടയില്‍ വിവിധ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഉച്ചയ്ക്കും രാത്രിയിലും വിശ്രമിക്കും. ആഹാരം പാകം ചെയ്താണ് കഴിക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ആരംഭ സമയത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോഴില്ല. പുതുതായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കാനനപാതയിലൂടെയുള്ള യാത്രയെക്കാള്‍ ദുരിതപൂര്‍ണ്ണമാകുന്നത് ദര്‍ശനത്തിനായുള്ള മണിക്കൂറുകള്‍ നീളുന്ന ക്യൂവാണെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. കലിയുഗവരദന്റെ ദര്‍ശനപുണ്യത്തിന് ശേഷം മലയിറങ്ങിയുള്ള മടക്കയാത്ര ബസ്സിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: