കൊച്ചി: ഇസ്ലാമിക തീവ്രവാദം പഠിപ്പിച്ച് കുട്ടികളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുന്ന സ്കൂളുകള്‍ക്ക് പൂട്ടുവീഴുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ സ്വന്തമായി സിലബസ് തയ്യാറാക്കി ഇസ്ലാമിക ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിച്ച സ്കൂളുകള്‍ക്കെതിരെയാണ് നടപടി. എറണാകുളം ചക്കരപ്പറമ്പിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് ഇതിന്റെ ഭാഗമായാണ്. പീസ് ഫൗണ്ടേഷന് കീഴിലുള്ള മറ്റ് 10 സ്കൂളുകളും ഇതോടെ പൂട്ടേണ്ടി വരും.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കേരളത്തില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാന കണ്ണികളായവര്‍ പീസ് സ്കൂളില്‍ ജോലി ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നടപടി. മംഗലാപുരം, കാസര്‍കോട്, തൃക്കരിപ്പൂര്‍, പഴയങ്ങാടി, കോഴിക്കോട്, മഞ്ചേരി, വേങ്ങര, കോട്ടയ്ക്കല്‍, മതിലകം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിലാണ് പീസ് സ്കൂളുകള്‍.
മതവിദ്വേഷം വളര്‍ത്തുന്ന പുസ്തകം പഠിപ്പിച്ചതിന്റെ പേരില്‍ എറണാകുളത്തെ പീസ് സ്കൂളിനെതിരെ നേരത്തെ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പാള്‍, അഡ്മിനിസ്ട്രേറ്റര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ഒരുവര്‍ഷം മുമ്പ് കേസും എടുത്തു. പീസ് സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ എം.എം. അക്ബറിനെ ചോദ്യം ചെയ്യാനായി പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ കോഴിക്കോട് ആസ്ഥാനത്ത് കഴിഞ്ഞ ജനുവരിയില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നതോടെ ചോദ്യം ചെയ്യാനായില്ല.
മതസ്പര്‍ധയുണ്ടാക്കുന്ന പുസ്തകം പഠിപ്പിച്ചതിനെതുടര്ന്ന് സ്കൂളിനെതിരെ പരാതി വ്യാപകമായതോടെ വിദ്യാഭ്യാസ വകുപ്പാണ് ആദ്യം അന്വേഷണം നടത്തിയത്. എന്‍സിഇആര്‍ടി, സിബിഎസ്ഇ, എസ്ഇആര്‍ടി എന്നിവ നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളല്ല സ്കൂളില്‍ കണ്ടെത്തിയത്. കുട്ടികളില്‍ മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നതെന്ന് കളക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി എന്നിവര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി.
നവിമുംബൈയിലുള്ള ബുറൂജ് റിയലൈസേഷന് എന്ന സ്ഥാപനം തയ്യാറാക്കിയ പുസ്തകങ്ങളാണ് ഇവിടെ പഠിപ്പിച്ചിരുന്നത്. പുസ്തകം തയ്യാറാക്കിയ മൂന്നുപേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവര്‍ക്ക് വിവാദ മതപ്രഭാഷകനായ സക്കീര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു. ഇതേക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ഐഎസിലേക്ക് ആളെ ചേര്‍ക്കുന്നതില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചതിന് എന്‍ഐഎ അന്വേഷണം നേരിടുന്ന അബ്ദുള്‍ റാഷിദ്, യാസ്മിന് അഹമ്മദ് എന്നിവര്‍ പീസ് സ്കൂളില്‍ ജോലി ചെയ്തിരുന്നതാണെന്ന് കണ്ടെത്തിയതും നടപടിക്ക് കാരണമായി.
ഉത്തരവ് കിട്ടിയാലുടന്‍ നടപടി: വിദ്യാഭ്യാസ വകുപ്പ്
കൊച്ചി: മുഖ്യമന്ത്രിയുടെ ഉത്തരവ് കിട്ടിയാലുടന്‍ എറണാകുളം ചക്കരപ്പറമ്പിലെ പീസ് സ്കൂളിനെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എ. സന്തോഷ്.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് മാനേജ്മെന്റിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ നിന്ന് സ്റ്റേ ഉത്തരവ് വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞാണ് സ്കൂള്‍ ഇത്രനാളും പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഉത്തരവിനനുസരിച്ചുള്ള നടപടിയുണ്ടാകും. നൂറ്റമ്പതോളം കുട്ടികളാണ് സ്കൂളില്‍ പഠിച്ചിരുന്നത്.
നിര്‍ദ്ദേശിച്ചാല്‍
അന്വേഷണമെന്ന് എന്‍ഐഎ
കൊച്ചി: പീസ് സ്കൂളിനെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അന്വേഷിക്കുമെന്ന് എന്‍ഐഎ. നിലവില്‍ ഈ കേസ് എന്‍ഐഎയുടെ അന്വേഷണ പരിധിയില്‍ ഇല്ലെന്ന് കൊച്ചി യൂണിറ്റ് വ്യക്തമാക്കി.
നടപടി പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍: എസിപി
കൊച്ചി: പീസ് സ്കൂളിനെതിരെയുള്ള നടപടി പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി. ഇത്തരം സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. സ്കൂള്‍ ഡയറക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ പിടികൂടാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: