രാജാക്കാട്: പുതുവത്സര ആഘോഷത്തിനിടയില്‍ പൊലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച സംഭവത്തില്‍ ഒളിവില്‍പോയ രാജാക്കാട് സ്വദേശി കരുവച്ചാട്ട് സുജിത്ത്, എന്‍ആര്‍ സിറ്റി സ്വദേശി പ്ലാക്കുന്നേല്‍ സുദേവ് എന്നിവര്‍ പിടിയിലായി.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ എറണാകുളത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് രാത്രി പന്ത്രണ്ടരയോടെയാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ രാജാക്കാട് കരുവച്ചാട്ട് സുജിത്തിന്റെ നേതൃത്വത്തിലുള്ള പതിനാലോളം വരുന്ന മയക്കുമരുന്ന് മാഫിയാ സംഘം രാജാക്കാടുള്ള വ്യാപാരിയെ മര്‍ദ്ദിക്കുന്നത്.
ഇത് തടയാനെത്തിയ രാജാക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇവര്‍ കയ്യില്‍ കരുതിയിരുന്ന കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് എസ്ഐയുടെ നേതൃത്വത്തിലുള്ള കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതോടെ സുജിത്തടക്കമുള്ള സംഘം ഓടി രക്ഷപെടുകയായിരുന്നു. സ്ഥലത്തു നിന്ന് ഏഴ് പ്രതികളെ അന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എസ്ഐ പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: