തലശ്ശേരി: കേസിലെ തൊണ്ടിമുതലെന്ന നിലയില്‍ വ്യവഹാരം തീരുന്നത് വരെ സൂക്ഷിക്കാന്‍ കോടതി ഏല്പിച്ച ഇരുചക്രവാഹനം പോലീസ് കസ്റ്റഡിയില്‍ നിന്നും അപ്രത്യക്ഷമായി. അണ്ടലൂരിലെ രഹന നിവാസില്‍ കെ.രമിത്തിന്റെ കെഎല്‍ 58 എല്‍ 4602 പള്‍സര്‍ ബൈക്കാണ് ദുരുഹ സാഹചര്യത്തില്‍ നഷ്ടപ്പെട്ടത്. പ്രവാസിയായ യുവാവ് കേസ് നടപടികള്‍ കഴിഞ്ഞതിനെ തുടര്‍ന്ന് വാഹനം ആവശ്യപ്പെട്ട് കോടതി ഉത്തരവുമായി തലശ്ശേരി പോലീസിനെ ബന്ധപ്പെട്ടപ്പോഴാണ് തിരശ്ശീലക്ക് പിന്നിലെ ആശയക്കുഴപ്പങ്ങള്‍ വെളിപ്പെട്ടത്.
തലശ്ശേരിയില്‍ സംഘടിപ്പിച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശക്ക് സൗകര്യമൊരുക്കാനായി സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരുന്ന എല്ലാ വാഹനങ്ങളും ചക്കരക്കല്ലിലെ ബംഗ്ലാവ് മെട്ടയിലേക്ക് മാറ്റിയിരുന്നത്രെ. ഇതറിഞ്ഞതോടെ പോലീസിന്റെ നിര്‍ദ്ദേശപ്രകാരം പരാതിക്കാരനും കൂട്ടുകാരും ചേര്‍ന്ന് ബംഗ്ലാവ് മെട്ടയിലെത്തി വാഹനങ്ങള്‍ സൂക്ഷിക്കുന്ന വളപ്പില്‍ മൂന്ന് ദിവസം തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. തിരിച്ചു വന്ന് വിവരം പറഞ്ഞപ്പോള്‍ കൈമലര്‍ത്തിയ തലശ്ശേരി പോലീസ് താങ്കളുടെ ബൈക്ക് വാഹനബാഹുല്യം കാരണം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ശ്രമം തുടരുകയാണന്നുമുള്ള മറുപടിയാണ് രമിത്തിന് നല്‍കിയത്. വിഷയം തലശ്ശേരി ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍ എത്തിച്ചപ്പോള്‍ കേസെടുത്ത് അന്വേഷിക്കാമെന്നാണ് പറഞ്ഞതെങ്കിലും ഇതേവരെ തുടര്‍ നടപടി സ്വീകരിച്ചതായി അറിവില്ല.
2016 ഒക്ടോബറില്‍ ലിബര്‍ട്ടി പാരഡൈസ് കോപൗണ്ടില്‍ നിന്നാണ് രമിത്തിന്റെ പള്‍സര്‍ കളവ് പോയിരുന്നത്. പുലിമുരുകന് സിനിമ സെക്കന്റ് ഷോ കണ്ടിറങ്ങിയപ്പോള്‍ കാണാതായ ബൈക്ക് മാസങ്ങള്‍ക്ക് ശേഷം മട്ടന്നൂര്‍ പോലീസാണ് വാഹന മോഷ്ടാക്കളില്‍ നിന്നും പിടികൂടിയത്. വ്യാജ രജിസ്ട്രേഷന് നമ്പര്‍ രേഖപ്പെടുത്തി ഓടിയ വാഹനം നിയമനടപടികള്‍ക്കായി തലശ്ശേരി കോടതിയിലേക്ക് മാറ്റിയതായിരുന്നു. കോടതി വഴി പോലീസിലെത്തിയ ബൈക്ക് വെയിലും മഴയും കൊണ്ട് നശിക്കാതിരിക്കാന്‍ സ്വന്തം ചിലവില്‍ താര് പോളിന് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടിയിരുന്നതായും പരാതിക്കാരന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: