ആലപ്പുഴ: ആലപ്പുഴയുടെ വികസനത്തിന് കുതിപ്പ് പകരുമായിരുന്ന ആലപ്പുഴ മറീന കം കാര്‍ഗോ ടെര്‍മിനല്‍ (വിനോദ സഞ്ചാരവും ചരക്കു നീക്കവും) പദ്ധതി കടലാസില്‍ ഒതുങ്ങിയിട്ട് പതിനഞ്ച് വര്‍ഷം.
സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിന് കാരണം. ആലപ്പുഴയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് എം.വി. രാഘവന് തുറമുഖ മന്ത്രിയായിരുന്നപ്പോഴാണ്.
വിനോദസഞ്ചാരം. ചരക്ക് നീക്കം എന്നീ രണ്ടു മേഖലകളിലും ഇവിടുത്തെ ഉയര്‍ന്ന സാദ്ധ്യത തിരിച്ചറിഞ്ഞാണ് ഇവിടെ മറീന കം കാര്‍ഗോ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ ആലോചന വന്നത്. 2003- 04 കാലയളവില്‍ പദ്ധതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ എല്‍ ആന്‍ഡ് ടീ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കണ്‍സള്‍ട്ടിങ് എജന്‍സി യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ടെന്‍ഡര്‍ വിളിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2007ല്‍ വീണ്ടും പദ്ധതി പഠിക്കാന്‍ പുതിയ ഏജന്‍സികളെ ചുമതലപ്പെടുത്തി. മുംബൈ ആസ്ഥാനമായ ഡിലോയ്റ്റ് ഇന്ത്യ, ആരോള്‍ എന്നീ രണ്ടു ഏജന്‍സികളാണ് പഠനം നടത്തിയത്. വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്കി തുറമുഖം വികസിപ്പിക്കണമെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പുറംകടലില്‍ വിനോദസഞ്ചാരികളെ എത്തിച്ച് അവിടെ നിന്ന് ബോട്ടുമാര്‍ഗ്ഗം തീരത്തെത്തിച്ച് പരീക്ഷണസര്വ്വീസും നടത്തി.
വിനോദസഞ്ചാര മേഖലയ്ക്കൊപ്പം ചരക്കു നീക്കത്തിനു പ്രാധാന്യമുള്ള തുറമുഖമായി ആലപ്പുഴയെ വികസിപ്പിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികളും തൊഴിലാളി സംഘടനകളും കര്‍ശന നിലപാട് സ്വീകരിച്ചു. എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ എല്ലാം വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പഴ ഇന്‍ലാന്‍ഡ് മറീന കം പാസഞ്ചര്‍ ടെര്‍മിനല്‍ പദ്ധതിക്ക് രൂപം നല്കി. 2011ല്‍ ഇതിന്റെ റിപ്പോര്‍ട്ടു സര്‍ക്കാരിന് നല്കി.
ലക്ഷ്യം 130 കോടിയുടെ പദ്ധതി
ആലപ്പുഴ: 130 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. കരാര്‍ പ്രകാരം ഡിലോയ്റ്റ് കമ്പനി പദ്ധതി നടത്തിപ്പിനായി മൂന്നു കമ്പനികളെ കൊണ്ടുവന്നെങ്കിലും ടെണ്ടര്‍ വിളിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.
ഇടത്തരം കപ്പലുകള്‍ ഉപയോഗിച്ച് കൊച്ചി അടക്കമുള്ള തുറമുഖനഗരങ്ങളുമായി ആലപ്പുഴയ്ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും പ്രധാന നേട്ടം. കൂടാതെ ചെലവ് കുറഞ്ഞ ജലഗതാഗതം, ചരക്കു ഗതാഗതവും സാദ്ധ്യമാക്കാനും കഴിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: