ചെറുപുഴ: കാലിന് മുറിവേറ്റ് പുഴുവരിച്ച യുവാവിന് നാട്ടുകാരും ജനമൈത്രി പോലീസും രക്ഷകരായി. ചെറുപുഴ പഞ്ചായത്തിലെ കാനംവയല്‍ സ്വദേശി ഇടക്കുളത്തില്‍ സന്തോഷാണ്(38) നാട്ടുകാരുടേയും പോലീസിന്റേയും സഹായത്താല്‍ ചട്ടിവയലിലെ അഗതി മന്ദിരത്തിലെത്തിയത്. ചെറുപ്പം മുതല്‍ ഇയാള്‍ പുളിങ്ങോത്തെ ഒരു തോട്ടം ഉടമയുടെ കീഴില്‍ ജോലി ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഒറ്റപ്പെട്ടു പോയ സന്തോഷ് ജോലി ഉപേക്ഷിക്കുകയായിരുന്നുവത്രേ. ഇതിനിടയില്‍ കാല്‍പാദത്തിനു മുറിവേറ്റു. മുറിവുമായി ഏറെ നാളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന സന്തോഷിനു ജോലിയെടുക്കാന്‍ പറ്റാതായി. ഇതോടെ ഭക്ഷണം കഴിക്കാന്‍ പോലും കാശില്ലാത്ത സ്ഥിതിയായി. ഇയാളുടെ ദയനീയാവസ്ഥ കണ്ട് പുളിങ്ങോത്തെ സ്വകാര്യമില്ലുടമയാണ് പണം നല്‍കിയത്. യുവാവിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പെട്ട മില്ലുടമ സൂക്ഷിച്ചു നോക്കിയപ്പോഴാണ് പുഴുവരിക്കുന്നത് കണ്ടത്. തുടര്‍ന്ന് മില്ലുടമയും സുഹൃത്തുക്കളും ചേര്‍ന്നു യുവാവിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിലെത്തിക്കുകയും വിവരം ജനമൈത്രി പൊലീസില്‍ അറിയിക്കുകയുമായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ നിന്നും ആവശ്യമായ ചികിത്സ നല്‍കിയ ശേഷം ജനമൈത്രി പൊലീസും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനെ ചട്ടിവയലിലെ സ്‌നേഹഭവനിനിലെത്തിച്ചത്. ചെറുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രകാശന്‍, സുഭാഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സന്തോഷിനെ അഗതിമന്ദിരത്തിലാക്കിയത്.
















