കൊച്ചി : സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതില്‍ രാഷ്‌ട്രീയവിവേചനം കാട്ടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ നിശ്ചയിച്ച അഭിഭാഷകനെ തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. തീരുമാനിച്ച ശേഷം മാറി വന്ന സര്‍ക്കാര്‍ പിന്നോട്ടു പോകുന്നത് കള്ളക്കളി നടന്നുവെന്ന സംശയത്തിനിടയാക്കും. ഇരയുടെ സങ്കടം മറന്നുപോകരുത്-കോടതി പറഞ്ഞൂ.
സിപിഎം പ്രവര്‍ത്തകര്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതിനെതിരെ പിതാവ് കണ്ണൂര്‍ കുപ്പം സ്വദേശി പിപി പ്രഭാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. പ്രതികള്‍ 2014 മേയ് 15 ന് ഹര്‍ജിക്കാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ മകന്‍ പ്രജുല്‍ മരിച്ചു.
രാഷ്‌ട്രീയ വൈരാഗ്യത്തെത്തുടര്‍ന്നാണ് മകനെ കൊന്നതെന്നും വിചാരണക്കോടതിയില്‍ കേസ് നടത്താന്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രഭാകരന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി. കാസര്‍കോട് ഹോസ്ദുര്‍ഗിലെ ഒരഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ അന്നത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ശുപാര്‍ശ ചെയ്തു. കരട് വിജ്ഞാപനവും തയ്യാറാക്കി. ഇതിനിടെ സര്‍ക്കാര്‍ മാറി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ടെന്ന പുതിയ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ല. ഇതിനെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്.
















