മന്നം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിലേക്ക് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി, ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് തുടങ്ങിയവരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ആനയിക്കുന്നു.ജന്മഭൂമി
പെരുന്ന: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ സമുദായാംഗങ്ങളെ സാക്ഷി നിര്‍ത്തി പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷിച്ചു.
രാവിലെ മന്നം സമാധിയിലെ പുഷ്പാര്‍ച്ചനയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
സമുദായ പ്രവര്‍ത്തകര്‍ക്കു പുറമേ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. മന്നം നഗറില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലിത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി.
തത്വത്തിനും ആദര്‍ശത്തിനുംവേണ്ടി നിലകൊണ്ട മന്നത്തുപദ്മനാഭന്റെ പ്രവര്‍ത്തനശേഷി ഉജ്ജ്വല മാതൃകയാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നായര്‍ സമുദായത്തിന് മാത്രമല്ല ഇതരസമുദായങ്ങള്‍ക്കും ഉപകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസ് വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി. ഹരിദാസ് അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള, ഡോ. എം. ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















