പെരുന്ന: സമൂഹവിപത്തായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീധനം എന്‍എസ്എസ് നിരോധിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി അഭിപ്രായപ്പെട്ടു. സ്ത്രീധനം നിരോധിക്കാന്‍ കരയോഗതലം മുതല്‍ എന്‍എസ്എസ് തീരുമാനിക്കണം.
അതിന് തയാറായാല്‍ അത് സാമൂഹിക പരിഷ്‌കരണത്തിന് വേണ്ടി നിലകൊണ്ട മന്നത്തിന് പിന്‍ഗാമികള്‍ നല്‍കുന്ന രത്‌നഹാരമായിരിക്കും. 141-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഈ നിര്‍ദ്ദേശം അവര്‍ എന്‍എസ്എസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചത്.
വിവാഹം പ്രൗഢികാണിക്കാനുള്ള വേദിയായി മാറ്റുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇത് സംഘടനാതലത്തില്‍ നിരുത്സാഹപ്പെടുത്തണം. മത്സര സ്വഭാവത്തിലുള്ള വിവാഹാഘോഷങ്ങളില്‍ വിഭവങ്ങള്‍ നിരത്തുന്നതിലൂടെ സാമ്പത്തിക ദുര്‍വ്യയമാണ് സംഭവിക്കുന്നത്. ഇതിന് ചെലവഴിക്കുന്ന തുകയിലൊരുഭാഗം മനുഷ്യസേവയ്‌ക്ക് വിനിയോഗിക്കാന്‍ സമുദായ അംഗങ്ങളെ പ്രേരിപ്പിക്കുന്നതിന് സംഘടനാ നേതൃത്വം ശ്രമിക്കണം.
നന്മകള്‍ ചെയ്യുന്നതിന് പിന്നില്‍ എപ്പോഴും ഒരു അജണ്ടയുണ്ടാകും. എന്നാല്‍ എന്‍എസ്എസിന് അത്തരമൊരു അജണ്ടയുണ്ടായിട്ടില്ല. സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാവണം. ക്ഷേത്രകലകള്‍ സംരക്ഷിക്കുന്നതിനും പ്രത്യേക പരിഗണനകള്‍ നല്‍കണമെന്ന് ഗൗരി ലക്ഷ്മീഭായി അഭിപ്രായപ്പെട്ടു.
















