കണ്ണൂര്‍: പി. ജയരാജന് എതിരായ സംസ്ഥാന സമിതി നടപടി കീഴ്ഘടകങ്ങളിലേക്ക് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി. ബ്രാഞ്ച് കമ്മിറ്റികളിലാണ് ആദ്യം വിശദീകരിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം മുതലാണ് ചില തെറ്റായ പ്രവണതകള്‍ എന്ന പേരിലുള്ള നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. ബ്രാഞ്ചുകളില്‍ വായിച്ച അഞ്ച് പേജുള്ള സര്‍ക്കുലറില്‍ കൊല്‍ക്കത്ത പ്ലീനം നിലപാട് ജയരാജന് ലംഘിച്ചെന്നും കുറ്റപ്പെടുത്തുന്നു.
ജയരാജനെ മഹത്വവത്കരിച്ച് പുറച്ചേരി ഗ്രാമീണ കലാവേദി പുറത്തിറക്കിയ സംഗീതശില്‍പ്പവും ഭാവി ആഭ്യന്തരമന്ത്രിയായി കാണിച്ച് കണ്ണൂരില്‍ ഉയര്‍ന്ന ഫ്ളക്സുകളും ദൈവദൂതനായി വാഴ്ത്തിയുള്ള ജീവിതരേഖയുമുള്‍പ്പെടെയുളള കാര്യങ്ങളാണ് ജയരാജനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സമിതിയെ പ്രേരിപ്പിച്ചത്.
വ്യക്തികേന്ദ്രീകൃതമായ പ്രചാരണങ്ങള്‍ നടന്നിട്ടും തടയാന്‍ ജയരാജന് ശ്രമിച്ചില്ല എന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനമായി റിപ്പോര്‍ട്ടിലുളളത്. നിലവില്‍ ബ്രാഞ്ച് യോഗങ്ങളുടെ സുപ്രധാന അജണ്ടയായി ജയരാജനെതിരായ നടപടി മാറിയിരിക്കുകയാണ്.
















