തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗം സ്തംഭിക്കുമെന്ന നിലയില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. പഠനം കഴിഞ്ഞുള്ള നിര്‍ബന്ധിത സേവനത്തില്‍ വിട്ട് വീഴ്‌ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് സമരം പിന്‍വലിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായത്.
ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് പിജി മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തി സമവായത്തില്‍ എത്തിയത്. നിര്‍ബന്ധിത സേവനം എന്നത് സ്വമേധയാ എന്നാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. ഇരു വിഭാഗത്തിലും വിട്ടുവീഴ്‌ച്ചയ്‌ക്ക് തയ്യാറായതോടെ സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയായിരുന്നു.
പിജി കഴിഞ്ഞ് നിര്‍ബന്ധിത സേവനം എന്നത് ആറുമാസമാക്കാന്‍ ചര്‍ച്ചയില്‍ ദാരണയായി. മുമ്പ് ഇത് രണ്ട് വര്‍ഷമായിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി കഴിഞ്ഞ് നിര്‍ബന്ധിത സേവനം ഒരു വര്‍ഷമാക്കി കുറക്കാനും തീരുമാനമായി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ പിജി ഡോക്ടര്‍മാരും തയ്യാറായി.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കല്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു. ഡിസംബര്‍ 31ന് ആരോഗ്യമന്ത്രി മന്ത്രി കെ.കെ ശൈലജയുമായി സമരക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ രംഗത്തെത്തി.
മന്ത്രിയുമായി ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാ പ്രതിനിധികളെ പിജി അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് പുറത്താക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചു. ഇതോടെ കേരളത്തിന്റെ ആരോഗ്യ രംഗം സ്തംഭിക്കുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. സമരം പങ്കെടുക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുന്നറിയിപ്പും നല്‍കി.
എന്നാല്‍ ഒപിയും വാര്‍ഡും ഉള്‍പ്പെടെ ബഹിഷ്‌കരിച്ച് സമരവുമായി മുന്നോട്ട് പോകുമെന്ന് ജൂനിയര്‍ ഡോക്ടര്‍മാരും അറിയിച്ചതോടെ ആരോഗ്യ രംഗത്ത് ആശാന്തി പരന്നു. തുടര്‍ന്ന് ഇന്നലെ രാത്രി 8 മണിക്ക് ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ രാത്രി വൈകി സമരം പിന്‍വലിക്കാന്‍ തീരുമാനമാകുകയായിരുന്നു.
















