തിരുവനന്തപുരം: പെന്‍ഷനില്ല.. കുടുബത്തിന്റെ ആകെ വരുമാനം പെന്‍ഷനാണ്.. ഞാനും ഭാര്യയും രോഗികളാണ്.. പരസഹായമില്ലാതെ നടക്കാനുമാകില്ല.. കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരനായ ശശികുമാരന്റെ വാക്കുകളാണിത്. സ്ഥാപനത്തില്‍ നിന്നു വിരമിച്ചതോടെ ശിഷ്ട ജീവിതം ഇതില്‍നിന്നു കണ്ടെത്താമെന്ന പ്രതീക്ഷ കരകുളം സ്വദേശിയായ ശശികുമാരന്റെ ജീവിതം ദുരിത പര്വ്വത്തിലാക്കി.
കെഎസ്ആര്‍ടിസിയില്‍ നിന്നു 2006 മാര്‍ച്ചില്‍ ചെക്കിങ് ഇസ്പെക്ടറായാണ് ശശികുമാര്‍ വിരമിച്ചത്. മകളെ കല്ല്യാണം കഴിപ്പിച്ച് അയച്ചു. ഒരു മകനുണ്ട്. ജോലി ഒന്നും തരപ്പെട്ടില്ല. ശരീരത്തിന്റെ ഒരു വശം തളര്ന്നതിനാല് പരസഹായമില്ലാതെ നടക്കാന്‍ സാധിക്കില്ല. ഇതിനുപുറമെ പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ നിരവധി രോഗങ്ങളുമുണ്ട്. ഭാര്യയും രോഗിയാണ്. കുടുബത്തിന്റെ ഏക ആശ്രയം പെന്‍ഷനിലാണ്.
ശശികുമാരന് പെന്ഷന് ലഭിച്ചിട്ട് ആറുമാസത്തോളമായി. വീട്ടിലെ വെള്ളത്തിന്റെയും കറണ്ടിന്റെയും ബില്ലുകള്‍ പോലും അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു. എന്നാലും പഴയ സ്വയം സേവകനായതിനാല്‍ വീട്ടില്‍ ഒതുങ്ങാന്‍ മനസ്സ് അനുവദിക്കുന്നില്ല. പരസഹായം അഭ്യര്ത്ഥിച്ചാണെങ്കിലും എല്ലാ ദിവസവും മുടക്കം വരുത്താതെ ട്രാന്‍സ്പോര്‍ട്ട് ഭവനുമുന്നില്‍ എത്തി കെഎസ്റ്റി (ബിഎംഎസ്) പെന്‍ഷനേഴ്സ് സംഘിന്റെ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുക്കും.
















