ധര്‍മ്മടം: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന റീമ ജയന്റെ വീട് സിപിഎമ്മുകാര്‍ അടിച്ചു തകര്‍ത്തു. പുതുവത്സരം പിറക്കുന്ന ദിനത്തില്‍ രാത്രി 12 മണിയോടെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ വടിവാളും മാരകായുധങ്ങളുമായി ധര്‍മടം റെയില്‍വേ സ്‌റ്റേഷനടുത്തുള്ള ചാത്തോടി റോഡിലെ റീമയുടെ ശിവം എന്ന വീട്ടിന് നേരെ അക്രമം നടത്തിയത്. ചാത്തോടം ഭാഗത്തെ സിപിഎമ്മുകാരായ അശ്വിന്‍ അശോകും കൂട്ടരും ചേര്‍ന്നാണ് അക്രമം നടത്തിയത്.
വീടാക്രമിക്കപ്പെടുന്നതിന് മുമ്പ് റീമയുടെ മകനായ ശ്രീരാഗിനും സുഹൃത്തുക്കള്‍ക്കും നേരെ സിപിഎമ്മുകാരായ ഉദിത്ത്, സജേഷ് എന്നിവര്‍ ചേര്‍ന്ന് ആക്രമണം നടത്തിയിരുന്നു. ധര്‍മ്മടം ബീച്ച് ഫെസ്റ്റിനിടയില്‍ സിപിഎമ്മുകാരായ ഉദിത്, സജേഷ് എന്നിവര്‍ മദ്യപിച്ചെത്തി ശ്രീരാഗ്, സുരാഗ്, അഖില്‍ എന്നിവരെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ അഖിലിന്റെ കൈയ്യുടെ എല്ല് പൊട്ടിയിട്ടുണ്ട്. മാരകമായ മര്‍ദ്ദനത്തിന് ശേഷം വീട് തകര്‍ക്കുകയും കൂടി ചെയ്ത് സിപിഎം സംഘം പുതുവത്സരരാത്രിയില്‍ ഭീതി പരത്തി.
സമാധാനം തകര്‍ത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം സംഘത്തിന്റെ നീക്കത്തില്‍ പോലീസ് നടപടി ശക്തമാക്കണമെന്നും അക്രമികളായ സിപിഎം സംഘത്തെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ബിജെപി ധര്‍മടം പഞ്ചായത്ത് കമ്മറ്റി അഭ്യര്‍ത്ഥിച്ചു. അക്രമിക്കപ്പെട്ട വീട് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ജില്ലാ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.വി.ശ്യാംമോഹന്‍, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.രതി, ഹിന്ദു ഐക്യവേദി ജില്ല പ്രസിഡണ്ട് വി.മണിവണ്ണന്‍, ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിനചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.
















