മുംബൈ: സഞ്ജയ് ലീല ബെന്‍സാലിയുടെ പദ്മാവതി സിനിമയില്‍ മാറ്റങ്ങള്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും രംഗങ്ങള്‍ മുറിച്ച് മാറ്റിയിട്ടില്ലെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) തലവന്‍ പ്രസൂണ്‍ ജോഷി. ‘പദ്മാവതി’ സിനിമയില്‍ ഏകദേശം അഞ്ചോളം മാറ്റങ്ങള്‍ മാത്രം വരുത്തണമെന്നാണ് ഇതേക്കുറിച്ച് പഠിച്ച സമിതി നിര്‍ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
ചിത്രം തുടങ്ങുന്നതിനു മുന്‍പുള്ള അറിയിപ്പില്‍ ചരിത്രം അതേപടി പകര്‍ത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവതി എന്നാക്കി മാറ്റുക, ഘൂമര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ വര്‍ണനകള്‍ കഥാപാത്രത്തിനു ചേര്‍ന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്ന രംഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ മാത്രമാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രസൂണ്‍ ജോഷി വ്യക്തമാക്കി.
ഡിസംബര്‍ 28നാണ് ഇത് സംബന്ധിച്ച് പരിശോധന നടത്താനുള്ള സമിതി ചിത്രം കണ്ടത്. ഇതിനു ശേഷം സമിതി അംഗങ്ങള്‍ ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു.
















