കണ്ണൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട യുവാവിനെ കോഴിക്കോടുനിന്നും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തു. ഇന്നലെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി. തലശ്ശേരി ചിറക്കരയിലെ അറയിലെക്കണ്ടി ഹൗസില്‍ എ.പി.സഹീറിനെ (35)യാണ് പാളയത്തെ ഒരു ലോഡ്ജില്‍നിന്നും കസബ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 26ന് രാത്രിയാണ് സഹീര്‍പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
സിമന്റ്, കമ്പി, ഹോളോബ്രിക്‌സ് തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ടണ്‍കണക്കിന് സാധനങ്ങള്‍ കടമായി വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സഹീറിനെ കസ്റ്റഡിയിലെടുത്തത്. ടൗണ്‍ സ്റ്റേഷനില്‍ പാര്‍പ്പിച്ച ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോഴിക്കോട് പാളയത്തുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ പോലീസ് കസബ പോലീസിന്റെ സഹായത്തോടെ പാളയത്തെ ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്.
















