തലശ്ശേരി: തലശ്ശേരി മൈസൂര്‍ റെയില്‍ പാതയുമായി ബന്ധപ്പെട്ട് റയില്‍വേ മന്ത്രാലയവും സംസ്ഥാന സര്‍ക്കാറും സംയുക്തമായി കേരളാ റയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എന്ന പേരില്‍ ഒരു കമ്പനി രൂപീകരിച്ചതായി റയില്‍ വകുപ്പ് സഹമന്ത്രി രഞ്ജന്‍ ഗൊഹൈന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു. ലോക്‌സഭയില്‍ മുല്ലപ്പള്ളി ഉന്നയിച്ച സബ്മിഷന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാനും ഇതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
റെയില്‍വെ മന്ത്രാലയം നേരത്തെ തന്നെ തലശ്ശേരി മൈസൂര്‍ റെയില്‍വെ ലൈന്‍ സര്‍വ്വേ സംബന്ധമായി സാങ്കേതിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വനപ്രദേശത്തു കൂടി സര്‍വ്വേ നടത്താനുള്ള അനുമതിയും തത്വത്തില്‍ കൊങ്കണ്‍ റയില്‍വെ കോര്‍പറേഷനു നല്‍കിയിട്ടുണ്ടെങ്കിലും വനപ്രദേശത്തു കൂടി സര്‍വ്വേ നടത്തണമെങ്കില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഇതു സംബന്ധമായി വനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മുന്‍പ് ഇത്തരമൊരു റയില്‍ പാതയെക്കുറിച്ച് സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി മെട്രൊ റയില്‍ കോര്‍പറേഷനെയാണ് കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. 2017 മാര്‍ച്ചില്‍ ഡല്‍ഹി മെട്രൊ റയില്‍ കോര്‍പറേഷന്‍ നടത്തിയ പഠനത്തില്‍ ഈ പാത ലാഭകരമല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
















