കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ നഗരത്തില്‍ ചാലാട് ചില്ലിക്കുന്ന് എന്ന സ്ഥലത്താണ് ഇന്നലെ രാവിലെ എട്ടരമണിയോടെ സ്‌ഫോടനം നടന്നത്. വീട് വൃത്തിയാക്കിയ ശേഷം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീട്ടമ്മയായ റാണി അശോകി (47) ന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷനല്‍കിയ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണുകള്‍ക്കും കൈകാലുകള്‍ക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് നിര്‍മ്മിച്ച കുഴിയില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. എല്ലാ ദിവസവും മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥലത്താണ് ഇന്നലെയും മാലിന്യം നിക്ഷേപിച്ചത്. അതു കൊണ്ടുതന്നെ സ്‌ഫോടകവസ്തു സൂക്ഷിച്ചത് കഴിഞ്ഞ ദിവസമാണെന്നാണ് സൂചന. റോഡരികില്‍ തന്നെയാണ് അപകടം നടന്ന സ്ഥലവും ക്വാര്‍ട്ടേഴ്‌സും.
ചില്ലിക്കുന്നും പരിസരപ്രദേശങ്ങളും സിപിഎം സാമൂഹ്യ വിരുദ്ധരുടെ താവളമായിട്ട് ഏറെക്കാലമായി. സിപിഎം ഗുണ്ടാസംഘങ്ങളുടെ നിരന്തരമായ ശല്യം കാരണം സമീപവാസികള്‍ക്ക് ജീവിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. കഴിഞ്ഞവര്‍ഷം ചാലാട് അമ്പലത്തിലെ ഉത്സവസമയത്ത് സംഘര്‍ഷമുണ്ടാക്കിയതും പോലീസിനെ അക്രമിച്ചതും ചില്ലിക്കുന്ന് പ്രദേശത്തുള്ളവരാണ്. തയ്യില്‍ സ്വദേശി ജ്യോതിഷിനെ സിനിമാ ടാക്കീസിന് സമീപത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയതും ഇതേ സംഘം തന്നെയാണ്. കേസിലെ പ്രതിയുടെ വീടിന് സമീപത്താണ് ഇന്നലെ സ്‌ഫോടനം നടന്നത്. കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ സാക്ഷികളെ ഭയപ്പെടുത്താനും കേസ് അന്വേഷണം അട്ടിമറിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് പ്രദേശത്ത് സ്‌ഫോടക വസ്തു സൂക്ഷിച്ചതിന് പിന്നില്‍.
ചില്ലിക്കുന്ന് കേന്ദ്രീകരിച്ച് നിരന്തരമായി അക്രമങ്ങള്‍ നടന്നിട്ടും പോലീസ് ഇടപെടാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈ പ്രദേശം ക്രിമിനലുകളുടെ താവളമാകാനും ആയുധശേഖരം നടത്താനും സാഹചര്യമൊരുക്കിയത് പോലീസിന്റെ നിസ്സംഗതയാണ്.
















