കുന്നത്തൂര്‍: ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുന്നത്തൂര്‍, അടൂര്‍ താലൂക്കുകളിലെ ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ ആറ് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ക്കും നാല് മെമു ട്രെയിനുകര്‍ക്കും സ്റ്റോപ്പുകളുണ്ട്. ഇതിനാല്‍ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
അസൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും ടിക്കറ്റ് ബുക്കിങ്ങാണ് യാത്രക്കാരെ ഏറെ വലയ്‌ക്കുന്നത്. ആകെയുള്ള ഒരു കൗണ്ടര്‍ സ്റ്റേഷനുള്ളില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മണിക്കൂറുകളോളം ക്യൂവില്‍ നിന്നാല്‍ മാത്രമേ ടിക്കറ്റ് ലഭിക്കൂ.
വലിയ തിരക്കും ബുദ്ധിമുട്ടുമാണ് ഇക്കാരണത്താല്‍ യാത്രക്കാര്‍ക്കുണ്ടാകുന്നത്. പലപ്പോഴും ടിക്കറ്റ് കിട്ടുമ്പോഴേക്കും ട്രെയിന്‍ കടന്നുപോകും. പുതിയ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചതും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിന് കാരണമാണ്. കൂടുതല്‍ യാത്രക്കാരെ ഉള്‍കൊള്ളാനും ആവശ്യങ്ങള്‍ നിറവേറ്റാനും നിലവിലുള്ള സൗകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്. ഇതിന് ശാശ്വതപരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
















