ഇന്ത്യയില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്. അതിന്റെ ഫലമായി ഗാര്‍ഹിക പവര്‍കട്ടും വ്യാവസായിക പവര്‍കട്ടും രൂക്ഷമായിട്ടുണ്ട്. അങ്ങാടിയില്‍ ഒരു ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചെന്നാല്‍ കറന്റില്ല. നിന്നിട്ട് കാര്യമില്ല, വൈകിട്ടേ വരൂ, നാളെ വരിന്‍. ഒരു ഫോട്ടോ എടുക്കാന്‍ ചെന്നാല്‍ ലൈറ്റില്ലാതെ കഴിയില്ല, കാത്തിരിക്കേണ്ട എന്നുപറയും.
മില്ലില്‍ ഗോതമ്പും അരിയും പൊടിപ്പിക്കാന്‍ ചെന്നാലും മില്ലുടമ പറയും, ”കറന്റ് രാവിലെ പോയതാണ്, എപ്പോ വരുമെന്ന് പറയാന്‍ പറ്റില്ല. ഇവിടെ വെച്ചോളിന്‍, കറന്റ് വന്നാല്‍ പൊടിച്ച് വയ്‌ക്കാം.” വെല്‍ഡിങ് ചെയ്യാനായി പോയാലും, കൊപ്ര ആട്ടാന്‍ പോയാലും, കമ്പ്യൂട്ടറില്‍ നെറ്റ് കിട്ടാനും ഒക്കെ ബുദ്ധിമുട്ടുതന്നെയാണ്.
ഇന്ത്യയില്‍ നമുക്ക് എല്ലാ വിഭവങ്ങളുമുണ്ട്. ഇത്ര സുലഭമായ വിഭവങ്ങളുള്ള ഒരുരാജ്യം ലോകത്തില്‍ വേറെ ഇല്ലെന്ന് യുഎസ് ഗവേഷകര്‍ പറയുന്നു. എന്നാല്‍ അവയെ മുതലാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പിന്തിരിപ്പന്‍ ഭരണവും അഴിമതിയും ധൂര്‍ത്തും ചുവപ്പുനാടയും ഒക്കെയായിരുന്നു. ഇന്നിപ്പോള്‍ നരേന്ദ്ര മോദിയുടെ ശ്രമഫലമായി ‘മേക്കിങ് ഇന്ത്യ’ രാജ്യത്തെ ആധുനികവല്‍ക്കരിച്ച്, അഴിമതി ഇല്ലാതാക്കി, കാര്യശേഷിയും ഉല്‍പ്പാദനക്ഷമതയും കൂട്ടി പുരോഗതിയിലേക്ക് എത്തിക്കുന്നു. ഈ അവസ്ഥയില്‍ ജനങ്ങള്‍ക്ക് ഉത്തമമായ വിശ്വാസമുണ്ടെന്ന് കവലകളിലും അങ്ങാടികളിലും വര്‍ത്തമാനം പറയുന്നത് കേള്‍ക്കുന്നുണ്ട്.
മുസ്ലിം ലീഗുകാര്‍ വരെ അനകൂലമായി പ്രതികരിക്കുന്നു. ”മോദിക്ക് ഭാര്യയും കുട്ടികളുമില്ല. അയാള്‍ ഒരു ഫക്കീരാണ്(സന്യാസി), അയാള്‍ക്ക് എങ്ങോട്ടും മോഷ്ടിച്ച് കൊണ്ടുപോവേണ്ട ആവശ്യമില്ല. ഭരണം നന്ന്. നാട് നന്നാക്കാനാണ് നോക്കുന്നത്. ഞമ്മക്ക് ഇസ്ടായിട്ടുണ്ട്.”
രാജ്യത്ത് കാറ്റുകിട്ടുന്ന ധാരാളം സ്ഥലങ്ങളുണ്ട്, ദ്വീപ-സമുദ്ര തീരങ്ങളും ഉയര്‍ന്ന മലമ്പ്രദേശങ്ങളും വിശാലമായ മരുഭൂമിയും കാറ്റ് കിട്ടുന്ന പ്രദേശങ്ങളാണ്. എന്നാല്‍ കാറ്റാടിപ്പാടങ്ങള്‍ വിരളം.
യൂറോപ്പിലെ സ്വീഡന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കാറ്റാടിപ്പാടങ്ങള്‍ മുഖേന വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ്. സ്വകാര്യമേഖലയില്‍ കാറ്റാടിപ്പാടങ്ങള്‍ ചുരുങ്ങിയ മുതല്‍മുടക്കില്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദനം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് നല്ല വഴി. സോളാര്‍ എനര്‍ജിയെപ്പോലെ ചെലവേറിയതല്ല കാറ്റാടിപ്പാടങ്ങള്‍. ദീര്‍ഘകാലത്തെ ഗാരന്റിയും ഇവയ്‌ക്കുണ്ട്. സ്വീഡനെപ്പോലുള്ള രാജ്യങ്ങളെ സമീപിച്ച് ചുരുങ്ങിയ നിലയിലും ചെലവിലും കാറ്റാടിപ്പാടങ്ങള്‍ സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ സജ്ജമാക്കി കൊടുക്കണം. തിരമാലയില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ചെലവിനേയും സാങ്കേതികവിദ്യയേയും അപേക്ഷിച്ച് കാറ്റാടിപ്പാടങ്ങള്‍ നമ്മുടെ രാജ്യത്ത് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാര്‍ ഇതിന് ത്വരിത നടപടിയെടുക്കണം.
‘സുസ്‌ലോണ്‍ എനര്‍ജി’ എന്ന സ്വകാര്യ കാറ്റാടിപ്പാടം ഇക്കാര്യത്തില്‍ ഒരു മാതൃകയാണ്. വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറ്റാടിപ്പാട വ്യവസായ സ്ഥാപനത്തിന് ജനങ്ങളുടെയിടയിലും സര്‍ക്കാരിന്റെ ഇടയിലും വേണ്ടത്ര പ്രചാരവും സ്വാധീനവും ലഭിച്ചിട്ടില്ല. ഇതുപോലുള്ള സ്വകാര്യ കാറ്റാടിപ്പാടങ്ങളെ സര്‍ക്കാരും ജനങ്ങളും ഏറെ പ്രോത്സാഹിപ്പിക്കണം. ആണവോര്‍ജ നിലയം അപകടം പിടിച്ചതാണെന്നും ചെലവേറിയതാണെന്നും ചെര്‍ണോബില്‍ ദുരന്തം തെളിയിച്ചു. നിരുപദ്രവിയായ കാറ്റാടിപ്പാടങ്ങള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാണ്.
മാധവ്ജി പി.
വള്ളിക്കാപ്പറ്റ, മലപ്പുറം
















