കാഞ്ഞങ്ങാട്: സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കാഞ്ഞങ്ങാട് നടത്തുന്ന സര്‍ഗോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഐ നേതാവായ മുന്‍ എംഎല്‍എ ഇറങ്ങിപ്പോയി. ഉദ്ഘാടന പരിപാടിയില്‍ നിന്ന് സിപിഐയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എം.നാരായണനാണ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. ജില്ലാ പഞ്ചായത്തംഗം കൂടിയായ എം. നാരായണന്‍ പരിപാടിയുടെ സ്വീകരണ-ഘോഷയാത്ര കമ്മറ്റി ചെയര്‍മാന്‍ കൂടിയാണ്. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ചന്ദ്രശേഖരന് അര്‍ഹമായ പരിഗണന നല്‍കാത്തതും സിപിഐയെ പ്രകോപിപ്പിച്ചിട്ടുണ്ട്.
സര്‍ഗോത്സവ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയാണ് മന്ത്രി ചന്ദ്രശേഖരന്‍. എന്നാല്‍ സംഘാടകര്‍ ഇറക്കിയ ക്ഷണപത്രികയില്‍ സംഘാടകരുടെ പേരിന്റെ കൂട്ടത്തില്‍ നിന്ന് ചന്ദ്രശേഖരനെ ഒഴിവാക്കി. ഉദ്ഘാടന വേദിയിലെ ബാനറില്‍ നിന്ന് സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ ചന്ദ്രശേഖരന്റെ ഫോട്ടോയും ഒഴിവാക്കി. ഇതാണ് സിപിഐയെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണ് എം.നാരായണന്‍ വേദി ബഹിഷ്‌കരിച്ചതെന്ന് സിപിഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറഞ്ഞു. പരിപാടിയുടെ സംഘാടനത്തില്‍ സിപിഐയുടെ അധ്യാപക യൂണിയനെ പരിഗണിച്ചിട്ടുമില്ല.
ഘോഷയാത്ര ചെയര്‍മാനാക്കിയിട്ട് നോട്ടീസില്‍ പേര് വെച്ചതല്ലാതെ ഘോഷയാത്രയെക്കുറിച്ചുള്ള ആലോചനായോഗത്തില്‍ പോലും തന്നെ വിളിച്ചിരുന്നില്ലെന്നും എം. നാരായണന്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ സിപിഐ പ്രതിനിധിയുടെ പേര് ആശംസ പ്രാസംഗകരില്‍ അവസാനമായി ചേര്‍ത്തുവെന്ന ആക്ഷേപവുമുണ്ട്. സര്‍ഗോത്സവത്തില്‍ പാര്‍ട്ടിയെ തഴഞ്ഞത് ന്യായീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ക്ഷണിച്ചവരുടെ പടം മാത്രമേ ഫ്‌ളക്‌സില്‍ അച്ചടിച്ചിട്ടുള്ളുവെന്നാണ് പട്ടികജാതി, പട്ടിക വര്‍ഗ ഡെപ്യൂട്ടി ഡയറക്ടര്‍ പറയുന്നത്. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ പടം ഉള്‍പ്പെടുത്തിയിട്ടും മണ്ഡലത്തിലെ എം.എല്‍.എ കൂടിയായ മന്ത്രിയുടെ പടം ഇല്ലാത്തതിലും സിപിഐയ്‌ക്ക് കടുത്ത പ്രതിഷേധമാണുള്ളത്.
















