കണ്ണൂര്‍: പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തട്ടിപ്പ് കേസില്‍ കസ്റ്റഡിയിലെടുത്ത തലശ്ശേരി ചിറക്കരയിലെ എ.പി.സഹീര്‍ (35), റിമാന്റ് പ്രതി താമരശ്ശേരി ആലമ്പാടി ഷിഹാബ് (22) എന്നിവരാണ് പോലീസിനെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. സഹീര്‍ കണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെടുകയും ഷിഹാബ് ജില്ലാ ആശുപ്രതിയിലെ കക്കൂസ് മുറിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പ്രതികളെ ക്കുറിച്ച് പോലീസ് സംസ്ഥാനത്തെ മുഴുവന്‍ സ്റ്റേഷനുകളിലും സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരികയാണ്.
ബുധനാഴ്ച രാവിലെയാണ് തട്ടിപ്പുകേസില്‍ കസ്റ്റഡിയിലെടുത്ത സഹീര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഒരു കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലാണ് ജില്ലാ പോലീസ് ചീഫിന്റെ ഷാഡോ ടീം ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. സിമന്റ്, കമ്പി, ഹോളോബ്രിക്‌സ് എന്നിവ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ആളായിരുന്നു സഹീര്‍. എന്നാല്‍ സാധനങ്ങള്‍ വിറ്റഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് വ്യാപാരികളുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി വ്യാപാരികളെ ഇയാള്‍ വഞ്ചിച്ചതായി പരാതിയിലുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ റിമാന്റ് പ്രതി ഷിഹാബ് ടോലിറ്റിലെ വെന്റിലേറ്ററിന്റെ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെട്ടത്. ഡോക്ടര്‍ പരിശേധിച്ച ശേഷം നിരീക്ഷണ മുറിയില്‍ കിടത്തിയ ഇയാള്‍ ടോയിലറ്റില്‍ പോകണമന്ന് ആവശ്യപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇയാള്‍ രക്ഷുപ്പെട്ട കാര്യം ബോധ്യപ്പെടുന്നത്. കൂത്തുപറമ്പില്‍ ഒരു കവര്‍ച്ചാ കേസില്‍ പ്രതിയാണ് ഇയാള്‍. രണ്ടു പ്രതികളും രക്ഷപ്പെട്ടത് പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും പരാതിയുണ്ട്. അതുകൊണ്ടുതന്നെ പോലീസ് സംഘം ജില്ലയുടെ മുക്കിലും മൂലയിലും അരിച്ചുപെറുക്കുകയാണ്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
















