കണ്ണൂര്‍: ഭരണാനുമതി ലഭിച്ച കണ്ണൂരിലെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായാല്‍ നഗരത്തില്‍ ഇന്നനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. തെക്കി ബസാര്‍ മുതല്‍ താണ വരെയുള്ള 3.45 കിലോമീറ്റര്‍ ദൂരത്തിലാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി 255.39 കോടിരൂപയുടെ അടങ്കലിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
കിഫ്ബിയില്‍ നിന്നാണ് പണം കണ്ടെത്തുക. നേരത്തെ മേലേചൊവ്വ-തെക്കീബസാര്‍ ഫ്‌ളൈഓവറുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുകയും 30കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും ചെയ്തിരുന്നു. കേരള റോഡ്‌സ് ആന്റ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിശദ പദ്ധതി രേഖയില്‍ തെക്കിബസാര്‍-താണ ഫ്‌ളൈ ഓവറിന്റെ മാത്രം അടങ്കല്‍ തുക 255.39 കോടിരൂപയായി. മേലേചൊവ്വയില്‍ ഫ്‌ളൈ ഓവര്‍ സാധ്യമല്ലെന്നാണ് വിദഗ്ധസംഘം കണ്ടെത്തിയത്. ഇവിടെ ഇതിന് പകരം അണ്ടര്‍ പാസ് നിര്‍മ്മിക്കും. ഇതിനായി 80 കോടി രൂപയുടെ അടങ്കല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനും അടുത്ത ദിവസം തന്നെ കിഫ്ബിയുടെ അംഗീകാരം കിട്ടുമെന്നാണ് പ്രതീക്ഷ.
ഈ രണ്ട് പദ്ധതികളും യാഥാര്‍ത്ഥ്യമായാല്‍ ഇന്ന് കണ്ണൂര്‍ നഗരത്തില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്താന്‍ കഴിയും. ദേശീയപാതയുടെ മുകളിലൂടെയുള്ള മേല്‍പാലം നിര്‍മ്മിക്കുന്നതിനാല്‍ ഇതിനായി പ്രത്യേക സ്ഥലം ഏറ്റെടുക്കേണ്ടി വരികയില്ല എന്നതും ഏറെ അനുഗ്രഹമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ണൂരിലെ ഗതാഗതക്കുരുക്ക് വ്യാപാര-വാണിജ്യ മേഖലകളെയും മറ്റും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്നാണ് കണ്ണൂരുകാരുടെ ആവശ്യം.
















