മുംബൈ : മുംബൈ അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. തീഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് കരുക്കള്‍ നീക്കുന്നുവെന്ന വാര്‍ത്ത ഐബിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതിനായി കൊള്ള സംഘാംഗമായ നീരജ് ബവാനയെ ഡികമ്പനി നിയോഗിച്ചതായാണ് സൂചനകള്‍.
ബവാനയും നിലവില്‍ തീഹാര്‍ ജയിലില്‍ തടവിലാണ്. ഇരുവരും രണ്ട് സെല്ലുകളില്‍ ഏകാന്ത തടവിലാണ്. ബവാനയുടെ അനുയായികളില്‍ ഒരാള്‍ മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ മറ്റൊരാളെ ഫോണിലൂടെ അറിയിച്ചതാണിക്കാര്യം. വധ ഭീഷണിയെ തുടര്‍ന്ന് ബവാനയെ തീഹാര്‍ ജെയിലിന്റെ അറ്റത്തുള്ള സെല്ലിലേക്ക് മാറ്റി. അതേസമയം ഛോട്ട രാജനെ വകവരുത്തുന്നതുമായി ബന്ധപ്പെട്ട് ഡി കമ്പനി നിരവധി തവണ ബവാനയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാളുടെ പക്കല്‍ നിന്നും മൊബൈലുകളും ജയില്‍ അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്.
ഛോട്ടാരാജന് വധഭീഷണിയുണ്ടെന്നത് അധികൃതര്‍ ഗൗരവമായാണ് കാണുന്നത്. ജയില്‍ സുരക്ഷയെയാണ് ഇതിലൂടെ വെല്ലുവിളിക്കുന്നത്. ദല്‍ഹിയിലെ പ്രദേശിക കുറ്റവാളികള്‍ വഴി ഛോട്ടാ രാജനെ വധിക്കാന്‍ നിരവധി തവണ ദാവൂദ് ശ്രമം നടത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇയാളെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. എന്നാല്‍ തീഹാറില്‍ ഛോട്ട രാജന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ ആര്‍ക്കും ഇയാളെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
ദാവൂദിന്റെ വലംകൈ ഛോട്ടാ ഷക്കീല്‍ ഛോട്ടാ രാജനെ വധിക്കാന്‍ നിരന്തരം ശ്രമം വരികയാണ്, ഇതിനായി ഒരുലക്ഷം വരെ നാലു കുറ്റവാളികള്‍ക്കായി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇവരെല്ലാം ഈ വര്‍ഷം അറസ്റ്റിലായി. ഡികമ്പനിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നാണ റിപ്പോര്‍ട്ട്. 1993ല്‍ മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് ഡികമ്പനിയില്‍ നിന്ന് ഛോട്ട രാജന്‍ പിരിഞ്ഞിരുന്നു. അന്നുമുതല്‍ ഛോട്ട രാജനെ വധിക്കാന്‍ ശ്രമം നടത്തി വരികയാണ്. ബാങ്കോക്ക്, ഗള്‍ഫ്. ബാലി എന്നിവിടങ്ങളില്‍ വെച്ചും വധിക്കാന്‍ ശ്രമം നടത്തിയിരുന്നു.
















