തോണി അപകടത്തില്‍ മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ നരണിപ്പുഴയോരത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍
പൊന്നാനി: ചങ്ങരംകുളം നരണിപ്പുഴയില്‍ തോണി മറിഞ്ഞ് മരിച്ച ആറു കുട്ടികള്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹങ്ങള്‍ അപകടം നടന്ന നരണിപ്പുഴയുടെ തീരത്ത് പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് നാടിന്റെ പൊന്നോമനകളെ അവസാനമായി ഒരുനോക്ക് കാണാനെത്തിയത്. കൂട്ടുകാരും അദ്ധ്യാപകരും തങ്ങളുടെ പ്രിയപ്പെട്ടവര്‍ യാത്രയായത് വിശ്വസിക്കാനാകാതെ പൊട്ടിക്കരഞ്ഞു.
26ന് വൈകിട്ട് അഞ്ചരയോടെയാണ് കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയ അപകടം. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ മാപ്പലക്കല്‍ വേലായുധന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന കുട്ടികള്‍ അദ്ദേഹത്തോടൊപ്പം പുഴ കാണാന്‍ ഇറങ്ങിയതായിരുന്നു. കരയില്‍നിന്ന് 200 മീറ്റര്‍ മാറി ആഴമേറിയ ഭാഗത്ത് തോണി ഒരുവശത്തേക്ക് മറിഞ്ഞതോടെ എല്ലാവരും പുഴയില്‍ വീണു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പക്ഷേ ആറുപേര്‍ പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയി. വേലായുധന്റെ മകള്‍ വൈഷ്ണ(20), മാപ്പലക്കല്‍ ജയന്റെ മക്കളായ പൂജ(14), ജനീഷ (എട്ട്), മാപ്പലക്കല്‍ പ്രകാശന്റെ മകള്‍ പ്രസീന(12), നരണിപ്പുഴ മാച്ചേരിയത്ത് അനിലിന്റെ മകന്‍ ആദിദേവ്(4), പനമ്പാട് വിളക്കത്തേരി ശ്രീനിവാസന്റെ മകന്‍ ആദിനാഥ്(14) എന്നിവരാണ് മരിച്ചത്. വേലായുധന്‍(50), ശിവാംഗി (14), വെള്ളക്കടവില്‍ സുലൈമാന്റെ മകള്‍ ഫാത്തിമ(14) എന്നിവര്‍ രക്ഷപ്പെട്ടു.
വേദനിപ്പിച്ച ക്രിസ്മസ് അവധിയെ കണ്ണീരിലലിയിച്ച് കളയാന്‍ ഇന്നലെ നിരണിപ്പുഴയുടെ തീരത്തെത്തിയവരെല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. ആദിദേവിന്റെ മൃതദ്ദേഹം ചങ്ങരംകുളം കാനൂരിലെ വീട്ടുവളപ്പിലും ആദിനാഥിന്റെ മൃതദ്ദേഹം മാറഞ്ചേരിയിലെ വീട്ടുവളപ്പിലും സംസ്‌കരിച്ചു. മറ്റ് നാലുപേരെയും വൈകിട്ട് എരമംഗലത്തെ പൊതുശ്മശാനത്തിലാണ് സംസ്‌കരിച്ചത്.
നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ.ടി.ജലീല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങി രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത് പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
















