കെ. കരുണാകരന്‍ എ.കെ. ആന്റണിയോടൊപ്പം. പിന്‍നിരയില്‍ കെ.സി.വേണുഗോപാല്‍,
രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി (ഫയല്‍ ചിത്രം)
കെപിസിസി പ്രസിഡന്റ് എം. എം. ഹസ്സന്റെ കുമ്പസാരം ഒരു കുത്താണ്. വീണുകിടക്കുന്ന ഉമ്മന്‍ചാണ്ടിയെ പിന്നില്‍നിന്നല്ല, മുന്നില്‍നിന്നുതന്നെ ഹസ്സന്‍ കുത്തി. ഷേക്‌സ്പിയറുടെ ജൂലിയസ് സീസര്‍ എന്ന നാടകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ബ്രൂട്ടസിന്റെ കുത്തിനു തുല്യം.
ഹസ്സന്റെ കുമ്പസാരത്തിന്റെ സാരാംശം ഇതാണ്: ചാരക്കേസിന്റെ പേരില്‍ കരുണാകരനെ മാറ്റരുതെന്ന് എ.കെ. ആന്റണി, ഹസ്സനോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും കരുണാകരനെ മാറ്റാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. അത് അക്ഷന്തവ്യമായ അപരാധമായിരുന്നു. താന്‍ കുമ്പസാരിച്ചു മാനസാന്തരപ്പെടുന്നു. ഉമ്മന്‍ചാണ്ടി അത് ഇപ്പോഴും ചെയ്യുന്നില്ല.
താന്‍ നിഷ്‌കളങ്കനായതുകൊണ്ട് കുറ്റബോധം സഹിക്കവയ്യാതെ കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പ് യുദ്ധത്തിന്റെ ഒരു രഹസ്യം വെളിവാക്കിയതാണെന്ന് ഹസ്സന്‍പോലും വിശ്വസിക്കും എന്നുതോന്നുന്നില്ല. താല്‍ക്കാലിക പ്രസിഡന്റ് പദവി സ്ഥിരപ്പെട്ടു കിട്ടുന്നതിനായി ഒരാള്‍ നടത്തുന്ന അന്തംവിട്ട പ്രവര്‍ത്തനമാണിതെന്ന ധാരണ പരത്താന്‍ ഗ്രൂപ്പ് വികാരത്തിന് അതീതമായി ചിലര്‍ ശ്രമിക്കുന്നുണ്ട് എന്നത് നേരാണെങ്കിലും ആ വാദത്തിന് സ്വീകര്‍ത്താക്കള്‍ കുറവാണ്.
ചാരക്കേസ് കരുണാകരന് എതിരെയുള്ള പടനീക്കത്തിന് കരുത്തായി എന്നത് നേരാണ്. പക്ഷേ, ചാരക്കേസ് കരുണാകരനെ നീക്കാന്‍ വേണ്ടി എ ഗ്രൂപ്പുകാര്‍ പടച്ചെടുത്ത ഒന്നായിരുന്നില്ല. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന നെറികെട്ട മാധ്യമപ്രവര്‍ത്തനത്തിലെ ഒരു അദ്ധ്യായമാണ് ചാരക്കേസ്. ചാരക്കേസില്‍ ഇരയാക്കപ്പെട്ട നമ്പി നാരായണന്റെ ആത്മകഥയില്‍ പറയുന്നതുപോലെ അന്താരാഷ്‌ട്ര നിലവാരത്തില്‍ നടന്ന ഗൂഢാലോചനയില്‍ കഥയറിയാതെ ആടിയ മാധ്യമപ്രവര്‍ത്തകരും, താനൊഴികെ ലോകത്താരും സത്യസന്ധരല്ല എന്നുവിശ്വസിക്കുന്ന മനോരോഗത്തിനടിമയായ ചില പോലീസുകാരും ചേര്‍ന്നു സൃഷ്ടിച്ചെടുത്ത സെക്‌സ്-ക്രൈം ത്രില്ലറായിരുന്നു ചാരക്കേസ്.
മാധ്യമപ്രവര്‍ത്തകരുടെ ഓമനയായിരുന്നില്ല കെ. കരുണാകരന്‍. അവരുടെ ലാളനം മുഴുവന്‍ കിട്ടിയിരുന്നത് എ. കെ. ആന്റണിക്കായിരുന്നു. ഇന്ന് പിണറായി വിജയനേയും വി. എസ്. അച്യുതാനന്ദനേയും കാണുന്നതുപോലെയാണ് അന്നത്തെ മാധ്യമ പ്രവര്‍ത്തകര്‍ കരുണാകരനേയും ആന്റണിയേയും കണ്ടിരുന്നത്. പിണറായി തിന്മയുടെ പ്രതീകം. അച്യുതാനന്ദന്‍ നന്മയുടെ പ്രതീകം. അക്കാലത്ത് തിന്മയുടെ പ്രതീകം കരുണാകരനും നന്മയുടെ പ്രതീകം ആന്റണിയും ആയിരുന്നു. ചാരക്കേസില്‍ കരുണാകരബന്ധം വന്നതോടെ തങ്ങളുടെ ഇഷ്ടമില്ലാത്തച്ചിയായ കരുണാകരന് എതിരെ മാധ്യമങ്ങളും നിരന്നു. ഈ അനുകൂല സാഹചര്യം എ ഗ്രൂപ്പ് ഉപയോഗപ്പെടുത്തി എന്നതാണ് സത്യം.
കെ. കരുണാകരന്‍ കേരള രാഷ്‌ട്രീയത്തിലെ കരുത്തനായ നേതാവായി ഉയര്‍ന്നുവന്ന എഴുപതുകളുടെ ആദ്യകാലത്തോടെയാണ് കരുണാകര വിരുദ്ധ ചേരിയുണ്ടായത്. കരുണാകര ചേരിയും വിരുദ്ധചേരിയും ‘ഐ’ – ‘എ’ എന്ന് നാമകരണം ചെയ്യപ്പെട്ടത് 1980 ല്‍ ഇന്ദിരാ ഗാന്ധിയുടെ രണ്ടാംവരവോടെയാണ്. 1969 ലാണ് ആദ്യത്തെ കോണ്‍ഗ്രസ് പിളര്‍പ്പ്. അന്ന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റും ഇന്‍ഡിക്കേറ്റും എന്നാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ അറിയപ്പെട്ടിരുന്നത്. ഇന്ദിരയുടെ രണ്ടാംവരവിലും കോണ്‍ഗ്രസ് പിളര്‍ന്നു- കോണ്‍ഗ്രസ് (ഐ). ഇന്ദിരയായിരുന്നു നേതാവ്. കോണ്‍ഗ്രസ് (യു). ദേവരാജ് അര്‍സ് ആയിരുന്നു നേതാവ്.
ആന്റണിയുടെ നേതൃത്വം അംഗീകരിച്ചിരുന്നവര്‍ എല്ലാം ‘യു’ ഗ്രൂപ്പിലായിരുന്നു. യു ഗ്രൂപ്പില്‍ നിന്നും വേര്‍പെട്ടാണ് എ ഗ്രൂപ്പുണ്ടായത്. ഇന്ദിരയുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുപോയെങ്കിലും ജനങ്ങള്‍ ഇന്ദിരയുടെ കൂടെയാണെന്ന് തിരിച്ചറിഞ്ഞ ആന്റണി ഐ ഗ്രൂപ്പില്‍ ലയിച്ചു.
കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും രണ്ട് ഗ്രൂപ്പുകളായി (ഐ-എ) തന്നെയായിരുന്നു പ്രവര്‍ത്തനം. ഭരണനേതൃത്വം ഐഗ്രൂപ്പിനും അതായത് കരുണാകരനിലും, സംഘടനാ നേതൃത്വം എ ഗ്രൂപ്പിന് അതായത് ആന്റണിയിലുമായിരുന്നു. ആ ഗ്രൂപ്പ് വൈരത്തിന്റെ പാരമ്യത്തിലാണ് കെപിസിസി തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി വിജയിച്ചതും, എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആന്റണി പരാജയപ്പെടതും, സംഘടനാതലത്തിലും താന്‍ തന്നെയാണ് കരുത്തന്‍ എന്ന് ആന്റണിയെ കരുണാകരന്‍ ബോധ്യപ്പെടുത്തിയതും. പരാജയത്തില്‍ ആന്റണി ക്രുദ്ധനായിരുന്നു. വിജയിച്ച വയലാര്‍ രവിയെ അനുമോദിക്കാന്‍ പോലും ആന്റണി തയ്യാറായില്ല.
ഒരേ പാര്‍ട്ടിയിലെ രണ്ടു പാര്‍ട്ടികള്‍ എന്ന നിലയിലാണ് ഐ എ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അടിയന്തരാവസ്ഥയ്‌ക്കുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 117 സീറ്റുകളുമായി ഐക്യജനാധിപത്യമുന്നണിയെ അധികാരത്തിലെത്തിച്ചത് കെ. കരുണാകരനായിരുന്നു. ആ കരുണാകരന് എതിരെ രാജന്‍ കേസ് കൊണ്ടുവന്നത് ഇടതുപക്ഷമാണ്. കരുത്തനായ കരുണാകരനെ അടിക്കാന്‍ രാജന്‍ കേസ് കരുത്തുള്ള വടിയായി ഇടതുപക്ഷം കണ്ടു. അടിയേറ്റ് കരുണാകരന്‍ ഒറ്റപ്പെട്ട് നില്‍ക്കുമ്പോള്‍ ”ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ” എന്ന് വിധിച്ചത് ആന്റണിയായിരുന്നു. അതിന്റെ ഗുണഭോക്താവും ആന്റണിയായിരുന്നു.
1977 ഏപ്രില്‍ 27 മുതല്‍ 1978 ഒക്‌ടോബര്‍ 27 വരെ ആന്റണി മുഖ്യമന്ത്രിയായി. ചാരക്കേസിന്റെ ഗുണഭോക്താവും ആന്റണിതന്നെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ 1995 മാര്‍ച്ച് 22 മുതല്‍ 1996 മെയ് ഒന്‍പതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി.
രണ്ട് പ്രാവശ്യം ആന്റണി മുഖ്യമന്ത്രിയായതും കരുണാകരന്‍ രാജിവച്ചപ്പോഴായിരുന്നു. ഐ ഗ്രൂപ്പിന്റെ ചക്രവര്‍ത്തിയും സര്‍വസൈന്യാധിപനും കെ. കരുണാകരന്‍ തന്നെയായിരുന്നു. യുദ്ധക്കളത്തിലിറങ്ങി യുദ്ധം നയിച്ച നായകനായിരുന്നു കെ. കരുണാകരന്‍. ആന്റണി ഗ്രൂപ്പിന്റെ ചക്രവര്‍ത്തി ആന്റണി ആയിരുന്നെങ്കിലും സര്‍വ്വസൈന്യാധിപന്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. ആളും അര്‍ത്ഥവും സംഘടിപ്പിച്ച് ആന്റണിക്കുവേണ്ടി യുദ്ധക്കളത്തിലിറങ്ങിനിന്ന് യുദ്ധം ചെയ്തത് ഉമ്മന്‍ ചാണ്ടിയായിരുന്നു. യുദ്ധം ജയിച്ചു കഴിയുമ്പോള്‍ സിംഹാസനത്തിലിരിക്കാന്‍ ചക്രവര്‍ത്തി ഓടിയടുത്തു.
ഹസ്സന്‍ പരാമര്‍ശിച്ച ചാരക്കേസിനു ശേഷവും പ്രത്യേക വിമാനം വാടകയ്‌ക്ക് എടുത്താണ് മുഖ്യമന്ത്രിയാകാന്‍ ആന്റണി എത്തിയത്. കരുണാകരന്‍ മാറുന്നതില്‍ ആന്റണിക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന് ഹസ്സന്‍ എത്ര കുമ്പസാരിച്ചാലും അത് വിശ്വസിക്കാന്‍ പ്രയാസം വരുന്നത് ഇക്കാര്യം കൊണ്ടാണ്. കരുണാകരനെ മാറ്റിയതിനുശേഷം എംഎല്‍എ പോലുമല്ലാത്ത താന്‍ മുഖ്യമന്ത്രിയാകുന്നത് ശരിയല്ല എന്നും, എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകട്ടെ എന്നും ആന്റണിക്ക് പറയാമായിരുന്നു. പണം ആന്റണിയെ സ്വാധീനിച്ചിട്ടില്ല എന്നത് നേരാണ്.
പക്ഷേ, അധികാരവും പദവിയും യശസ്സും ആന്റണിക്ക് എന്നും ലഹരിയായിരുന്നു. കെ.എസ്‌യു പ്രസിഡന്റായതിനുശേഷം പദവിയില്ലാത്ത കാലം കാര്യമായി ആന്റണിക്ക് ഉണ്ടായിട്ടില്ല.
ഐ-എ ഗ്രൂപ്പ് യുദ്ധത്തില്‍ മുറിവേറ്റവരും ജീവന്‍ നഷ്ടപ്പെട്ടവരും ഒരുപാടുണ്ട്. ദയ കാണിച്ച് യുദ്ധം ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ഇരുകൂട്ടരും ദയാരഹിതമായിത്തന്നെ യുദ്ധം ചെയ്തിട്ടുണ്ട്.
ആന്റണി പക്ഷത്തിന്റെ ഉഗ്ര യോദ്ധാക്കളായിരുന്നു ബന്നി ബഹ്‌നാനും പി.ടി. തോമസും. പിറവത്തുനിന്ന് ജയിച്ച എംഎല്‍എ ആയിരുന്ന ബന്നിയെ തോല്‍പ്പിക്കുന്നതിനായി കരുണാകരന്‍ തന്നെ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിപ്പിച്ച് ബന്നിയെ പരാജയപ്പെടുത്തി. സമര്‍ത്ഥനായ സംഘാടകനും കെഎസ്‌യു പ്രസിഡന്റും ആയിരുന്നിട്ടും പി.ടി. തോമസിന് കെപിസിസി ഭാരവാഹിത്വം നിഷേധിക്കപ്പെട്ടതും പരിശോധിക്കേണ്ടതാണ്.
ഗ്രൂപ്പ് യുദ്ധംകൊണ്ട് ഏറ്റവും കൂടുതല്‍ പ്രയോജനമുണ്ടായത് കെ. കരുണാകരനും എ.കെ. ആന്റണിക്കും തന്നെയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഈ രണ്ട് ഗ്രൂപ്പ് നേതാക്കള്‍ക്കും താല്‍പ്പര്യമില്ലാത്ത ഒരാള്‍ക്കും ഒന്നുമാകാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുപേരുടെ താല്‍പ്പര്യങ്ങള്‍ പരസ്പരം കണ്ടറിഞ്ഞ് രണ്ടുപേരും പരസ്പരം സഹായിക്കുകയും ചെയ്തിട്ടുണ്ട്. കരുണാകരന്റെ മൂത്രശങ്കയും, കെ. മുരളീധരന്റെ പേര്‍ ആന്റണി എംപി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതും ഒരു ഉദാഹരണം മാത്രം.
ഇവര്‍ രണ്ടുപേരും ബദ്ധവൈരികളെപ്പോലെയും പെരുമാറിയിട്ടുണ്ട്. 2001 മെയ് 17 ആണ് ആന്റണി മൂന്നാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. അക്കാലത്ത് ആന്റണിയും കരുണാകരനും തമ്മില്‍ സംസാരിക്കാറേ ഉണ്ടായിരുന്നില്ല എന്ന് അക്കാലത്ത് ഇരുവര്‍ക്കും ഇടയില്‍ ഹംസമായി പ്രവര്‍ത്തിച്ചിരുന്ന ഇ.എം. ആഗസ്തി പറഞ്ഞതും ഓര്‍ക്കുന്നു.
മണിക്കൂറുകള്‍ രണ്ടുപേരും ഒരേ മുറിയില്‍ ഒരക്ഷരം ഉരിയാടാതെ ഇരുന്നതിനുശേഷം വെളിയില്‍ കാത്തുനില്‍ക്കുന്ന പത്രക്കാരോട് എല്ലാ കാര്യവും പരസ്പരം സംസാരിച്ചു എന്നുപറഞ്ഞ് പിരിയുന്ന അനേകം സന്ദര്‍ഭങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്നും ആഗസ്തി പറഞ്ഞതായും ഓര്‍ക്കട്ടെ.
ആ ഗ്രൂപ്പ് വഴക്കില്‍ ഹസ്സന്‍ പങ്കാളിയും ഗുണഭോക്താവുമാണ്. ഇപ്പോള്‍ അദ്ദേഹം വഹിക്കുന്ന കെപിസിസിയുടെ താല്‍ക്കാലിക അധ്യക്ഷ പദവിവരെ എ ഗ്രൂപ്പിന്റെ സംഭാവനയാണ്. എ ഗ്രൂപ്പിലെ കോര്‍ ഗ്രൂപ്പ് അംഗമായതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചടയമംഗലത്ത് അദ്ദേഹത്തിന് സീറ്റ് ലഭിച്ചതും.
ചാരക്കേസ് ഉപയോഗിച്ച് എ ഗ്രൂപ്പ് കരുണാകരനെ നാറ്റിച്ചു. പക്ഷേ, കരുണാകരന് രാജിവയ്‌ക്കേണ്ടിവന്നത് ചാരക്കേസുകൊണ്ടല്ല. ഭരണത്തിന്റെ മുഴുവന്‍ സ്വാധീനവും കരുണാകരന്റെ കയ്യില്‍ ഒതുങ്ങിയപ്പോള്‍ പ്രതിപക്ഷത്തെക്കാള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു എ ഗ്രൂപ്പുകാര്‍. സ്വാഭാവികമായും അവര്‍ നിലനില്‍പ്പിനായി പൊരുതിക്കൊണ്ടേയിരുന്നു. ഈ യുദ്ധത്തിന്റെ ഒരു ഘട്ടത്തിലാണ് എംഎല്‍എമാരുടെ മനോഗതമറിയാന്‍ ജി.കെ. മൂപ്പനാരുടെ നേതൃത്വത്തില്‍ മൂന്നംഗ സംഘത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിയോഗിച്ചത്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും കരുണാകരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതിനുശേഷം ഐക്യജനാധിപത്യമുന്നണിയിലെ ഭൂരിപക്ഷം അറിയാനും ശ്രമിച്ചു. എം.വി. രാഘവന്റെ സിഎംപി ഒഴികെ മറ്റെല്ലാ കക്ഷികളും കരുണാകരന് എതിരായിരുന്നു.
അങ്ങനെ പാര്‍ട്ടിയിലും മുന്നണിയിലും ഭൂരിപക്ഷം നഷ്ടമായതുകൊണ്ടാണ്, സാങ്കേതികമായി പറഞ്ഞാല്‍, കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റിയത്. ഈ അവസ്ഥ സൃഷ്ടിക്കുന്നതിനുവേണ്ടി എ ഗ്രൂപ്പ് മാത്രമല്ല കരുണാകര ഗ്രൂപ്പുകാരായ ചിലരും പണിയെടുത്തു.
അകത്തുനിന്നും പുറത്തുനിന്നും ദയാരഹിതമായ ആക്രമണം നേരിടേണ്ടിവന്ന നേതാവാണ് കരുണാകരന്‍. ഇടതുപക്ഷത്തിന്റെ ബദ്ധശത്രു കരുണാകരനായിരുന്നു. ഇഎംഎസ് അക്കാലത്ത് എഴുതിയ കുറിപ്പുകള്‍ വായിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.അടിക്കടി, കൊലയ്‌ക്ക് കൊല എന്ന നേതൃത്വശൈലി സിപിഎമ്മില്‍ വളര്‍ത്തിയെടുത്ത നേതാവായിരുന്നു എം.വി. രാഘവന്‍. നിയമസഭയില്‍ രാഘവന്‍, കരുണാകരനെതിരെ ഉപയോഗിച്ചിരുന്ന മലിനമായ വാക്കുകള്‍ കരുണാകരനോടുള്ള മാര്‍ക്‌സിസ്റ്റ് വിരോധത്തിന്റെ തെളിവായി എടുക്കാവുന്നതാണ്. (പിന്നീട് കരുണാകരന്‍, രാഘവന്റെ രക്ഷകനായി എന്നത് വേറെ കാര്യം)
പക്ഷേ, ആന്റണിയെ കമ്യൂണിസ്റ്റുകാര്‍ എന്നും പ്രശംസിച്ചിട്ടുണ്ട്.
ആന്റണിയെ പ്രശംസിക്കുന്നത് കമ്യൂണിസ്റ്റുകാര്‍ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു. അവരുടെ പ്രശംസ കേള്‍ക്കുന്നത് ആന്റണിക്കും ഇഷ്ടം. കോണ്‍ഗ്രസിനകത്തുള്ളവര്‍ പരസ്യമായി എന്നും ആന്റണിയെ ആദര്‍ശധീരനായി പ്രകീര്‍ത്തിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരാകട്ടെ വിഷമിപ്പിക്കുന്ന ഒരു ചോദ്യവും ആന്റണിയോടു ചോദിച്ചിരുന്നില്ല. കരുണാകരനോടാകട്ടെ വിഷമിപ്പിക്കുന്നതേ ചോദിച്ചിരുന്നുള്ളൂ. ഐ-എ ഗ്രൂപ്പ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് മാധ്യമങ്ങള്‍ എന്നാല്‍ പത്രങ്ങളായിരുന്നു. മലയാളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങളും ആന്റണിക്ക് അനുകൂലവും കരുണാകരന് എതിരും ആയിരുന്നു.
ഈ സാഹചര്യത്തിലാണ് എം.എം. ഹസ്സന്റെ കുമ്പസാരത്തിന്റെ സത്യസ്ഥിതി തന്നെ സംശയിക്കപ്പെടുന്നത്. അവ്വിധം ഒരു അഭിപ്രായത്തില്‍ ആത്മാര്‍ത്ഥമായി ആന്റണി വിശ്വസിച്ചിരുന്നുവെങ്കില്‍ അക്കാര്യം മലയാള പത്രങ്ങളിലൊന്നിലെങ്കിലും പ്രത്യക്ഷപ്പെടുമായിരുന്നു. മാധ്യമരംഗത്ത് അത്രയേറെ പിആര്‍മാര്‍ അക്കാലത്ത് ആന്റണിക്ക് ഉണ്ടായിരുന്നു. ഒരു പത്രത്തിലും ഈ കുമ്പസാര രഹസ്യം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടൊക്കെ കൂടിയാണ് ഇതൊരു കുമ്പസാര കുത്തായി മാറുന്നത്.
















