കാസര്‍കോട്: കലിയുഗവരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ഭക്തിക്ക് മുന്നില്‍ കീഴടങ്ങിയത് ദൂരം. മുടങ്ങാതെ മൂന്നാം തവണയും അമ്പത്തിമൂന്നുകാരനായ നാരായണന്‍ സ്വാമി ജമ്മു കശ്മീരിലെ അമര്‍നാഥില്‍ നിന്നും കാല്‍നടയായി ശബരിമലയ്‌ക്ക് യാത്ര തിരിച്ചു.
2017 ജൂലായ് 22 ന് തുടങ്ങിയ ഇത്തവണത്തെ യാത്ര മകരജ്യോതിയോടനുബന്ധിച്ച് ശബരിമലയിലെത്തിച്ചേരും. കഴിഞ്ഞ ദിവസം അദ്ദേഹം കാസര്‍കോട് ജില്ലയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര തിരിച്ചു. ദിവസവും 40 മുതല്‍ 50 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നാരായണന്‍ സ്വാമി പറഞ്ഞു. നാഗാസന്ന്യാസം സ്വീകരിച്ചതിനുശേഷം ്യുഏഴു തവണ അദ്ദേഹം ഭാരതപര്യടനം നടത്തിയിട്ടുണ്ട്.
ഉഡുപ്പി സ്വദേശിയായ നാരായണന്‍, മുംബൈയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. അതിനിടയിലാണ് ആത്മീയതയില്‍ ആകൃഷ്ടനായി സന്ന്യാസം സ്വീകരിച്ചത്. 2011 ആഗസ്റ്റ് 10നാണ് അദ്ദേഹം ആദ്യമായി ബെല്‍ഗാമില്‍ നിന്ന് ശബരിമലയ്‌ക്ക് വാഹനത്തില്‍ വരുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ പദയാത്രയായി അമര്‍നാഥില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തി.
കഴിഞ്ഞ തവണ 2016 ജനുവരി മൂന്നിനാണ് അദ്ദേഹം ശബരീശ്വരന് മുന്നിലെത്തിയത്. ഇക്കുറിയും സമയത്തില്‍ വലിയ മാറ്റമുണ്ടാവില്ല. ദര്‍ശനം കഴിഞ്ഞ് അമര്‍നാഥിലേക്ക് മടങ്ങും, അതും കാല്‍നടയായിത്തന്നെ.
















