ന്യൂദൽഹി : പത്തുരൂപക്ക് ഉച്ചയൂണുമായി ദൽഹിയിൽ അടൽ ആഹാര കേന്ദ്രങ്ങൾ ആരംഭിച്ചു . ബിജെപി ഭരിക്കുന്ന നഗരസഭകളാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ 25 നാണ് കേന്ദ്രങ്ങൾ ആരംഭിച്ചത് . നിലവിൽ ആറു സ്ഥലത്തായാണ് ആഹാരകേന്ദ്രങ്ങൾ . ഘട്ടം ഘട്ടമായി എല്ലാ വാർഡിലും നടപ്പാക്കാനാണ് നഗരസഭകളുടെ തീരുമാനം.
ഓക്ല മണ്ഡി , മാട്യാല ചൗക്ക് , ഗ്രീൻപാർക്ക്/എയിംസ്, രഘുബീർ നഗർ , കക്രോല മോർ, ഷാലിമാർ ബാഗ് എന്നിവിടങ്ങളിൽ കടകൾ തുറന്നു കഴിഞ്ഞു. അടുത്ത ഒരു വർഷം കൊണ്ട് എല്ലാ വാർഡിലും കേന്ദ്രങ്ങൾ തുറക്കാൻ രണ്ട് നഗരസഭകൾ തീരുമാനിച്ചിട്ടുണ്ട്. സ്വയം സഹായ സംഘങ്ങളാണ് കേന്ദ്രത്തിന്റെ നടത്തിപ്പ് .
ഇത്തരം കേന്ദ്രങ്ങൾക്കുള്ള ധനസഹായം അടുത്ത ബജറ്റിൽ വകയിരുത്തുമെന്ന് മേയർമാർ പറയുന്നു. പരസ്യങ്ങളിലൂടെയും മറ്റും അധികമായി ചെലവാകുന്ന തുക സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ ആം ആദ്മി കാന്റീനുകൾ തുറക്കുമെന്ന് ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല.
തമിഴ്‌നാട്ടിലെ അമ്മ കാന്റീനും ഉത്തർപ്രദേശിലെ അന്നപൂർണ കാന്റീനും ഇത്തരത്തിൽ ശ്രദ്ധേയമായ സംരഭങ്ങളാണ് .
















