മുംബൈ: മുംബൈ വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ വഴി കഴിഞ്ഞ ആറു മാസത്തിനിടെ 105 കോടി രൂപയുടെ സ്വര്‍ണം കടത്തിയ സഹോദരന്മാര്‍ അറസ്റ്റില്‍. രാജ്‌കോട്ടിലെ കച്ചവടക്കാരായ മിലന്‍ പട്ടേല്‍, ഗൗതം പട്ടേല്‍ എന്നിവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
ഛത്രപതി ശിവജി വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനല്‍ വഴി സ്വര്‍ണക്കടത്തു പതിവെന്ന് റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് പലവഴിക്ക് അന്വേഷണം തുടരുകയായിരുന്നു. അതിനിടെയാണ് ദുബായിലെ മെട്രോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി പാര്‍ട്ണര്‍ മിലന്‍ പട്ടേലിലേക്ക് സംശയമെത്തിയത്. മിലന്റെ സഹോദരന്‍ ഗൗതം രാജ്‌കോട്ടിലെ ബിസിനസുകാരനാണെന്നും വ്യക്തമായി.
കുറച്ചു കാലം മുന്‍പ് ചിലരുടെ ആവശ്യം പരിഗണിച്ച് ആഭരണങ്ങളുടെ വ്യത്യസ്തമായ ഡിസൈനുകള്‍ രാജ്‌കോട്ടില്‍ തയാറാക്കി അയയ്‌ക്കാന്‍ മിലന്‍ ആവശ്യപ്പെട്ടു. നിയമാനുസൃതമായ കയറ്റിയയ്‌ക്കലായിരുന്നു അത്. അതിനു ശേഷം സ്വര്‍ണക്കടത്ത് ഇവര്‍ പതിവാക്കി. ആഫ്രിക്കയില്‍ നിന്ന് സ്വര്‍ണം കടത്തി ഉരുക്കി ദുബായി വഴി ഇന്ത്യയിലെത്തിക്കുകയായിരുന്നു രീതി. പിന്നീട് ഇവിടെ നിന്ന് ആഭരണങ്ങളാക്കി വീണ്ടും മിലന്റെ ജ്വല്ലറിയില്‍ എത്തിക്കും.
രാജ്‌കോട്ടിലെ ഗൗതമിന്റെ സ്ഥാപനത്തിലേക്കുള്ള മെഷീനുകളുടെ ഇറക്കുമതി എന്ന തരത്തിലായിരുന്നു കടത്ത്. ഈ മെഷീനുകളിലെ ചില ഭാഗങ്ങളില്‍ ചെമ്പു പൂശി ദുബായിയിലേക്ക് അയയ്‌ക്കും. വിമാനത്താവളത്തില്‍ നിന്ന് ഇതിനു ക്ലിയറന്‍സ് കിട്ടും. ഈ മെഷീന്‍ ഭാഗങ്ങള്‍ സംയോജിപ്പിച്ച് ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയയ്‌ക്കുമ്പോള്‍ അതില്‍ ചെമ്പു പൂശി സ്വര്‍ണം ഒളിപ്പിക്കും. വിമാനത്താവളത്തിലെ സ്‌കാനിങ്ങില്‍ ഈ ഭാഗങ്ങള്‍ കറുത്തനിറത്തില്‍ കാണിച്ചതു കൊണ്ട് ഉദ്യോഗസ്ഥര്‍ സംശയിച്ചതുമില്ല. രാജ്‌കോട്ടില്‍ അടുത്തിടെ വന്‍ കെട്ടിട സമുച്ചയം വാങ്ങിയതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിനുണ്ടായ സംശയങ്ങളാണ് അന്വേഷണം ഇവരിലെത്തിച്ചത്.
തുടക്കത്തില്‍ ചെറിയ അളവിലായിരുന്നു സ്വര്‍ണക്കടത്ത്. ഡിസംബര്‍ 16ന് 35 കിലോയും 20ന് 40 കിലോയും കടത്തി. ഓരോ തവണയും ഗൗതം വിമാനത്താവളത്തിലെത്തി കാര്‍ഗോ വഴി മെഷീന്‍ ഭാഗങ്ങള്‍ വാങ്ങി സൂക്ഷിക്കും. പിന്നീട് മിലന്‍ ദുബായില്‍ നിന്ന് എത്തി സ്വര്‍ണം രാജ്‌കോട്ട്, അഹമ്മദാബാദ്, ജാംനഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറികള്‍ക്ക് എത്തിച്ചു കൊടുക്കും.
ഇരുവരെയും ജനുവരി അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. ഇവരില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
















