വിദൂര നക്ഷത്രങ്ങള്‍ ഭൂമിയിലെ കാലിത്തൊഴുത്തിലേക്കുവന്ന് വെളിച്ചം വിതറുന്നു. സങ്കല്പ്പങ്ങളിലെ സമാധാനാഹ്ളാദം ഒരു കുഞ്ഞിന്റെ പിറവിയില്‍ ലോകാരവമായി നിറയുന്നു. ക്രിസ്തുമസ് ഇങ്ങനെ നൂറുകൂട്ടം വിശേഷണങ്ങളുടെ നിറവാണ്. ഇന്നു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും സന്മനസുള്ളവര്‍ക്കു സമാധാനവുമായി അത് ഭൂമി മുഴുവനും പരക്കുകയാണ്.
ജീവിതത്തെക്കുറിച്ചുള്ള സര്‍വസാധാരണമായ വ്യാഖ്യാനങ്ങളുടെ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങാത്തതാണ് വലിയ ജന്മങ്ങള്.അവരുടെ ജനനത്തിനും മരണത്തിനുമുണ്ട് ഇത്തരം അതിശയ രഹസ്യങ്ങള്‍. ചരിത്രത്തേയും ഐതിഹ്യത്തേയും തോല്‍പ്പിക്കുന്ന വിശ്വാസച്ചൊരുക്കില് ഉണ്ണിയേശുവിന്റെ കാലിത്തൊഴുത്തിലെ പിറവി പുതിയ രക്ഷയുടെ ഉണര്‍വും സന്തോഷത്തിന്റെ ഉന്മേഷവുമാണ്. ജീവിതത്തിന്റെ മഹത്വവും ആത്മിയതയുടെ ഉന്നതിയും ലോകത്തെ അറിയിക്കാന്‍ ഇത്തരം അപൂര്‍വ വ്യക്തിത്വങ്ങള്‍ പീഡാസഹനങ്ങള്‍ ജനനത്തിലും മരണത്തിലും ഏറ്റുവാങ്ങാറുണ്ട്.
ഹെറോദോസിന്റെ വാള്ത്തലയില്നിന്നും രക്ഷപെടാന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ മറിയത്തേയും കൊണ്ട് ഒളിവുയാത്രയാണ് ഭര്‍ത്താവായ ജോസഫ് നടത്തിയത്. ലോകരക്ഷകനു പിറക്കാന്‍ ഗര്‍ഭഗൃഹമായത് കാലിത്തൊഴുത്തായിരുന്നു. സ്വര്‍ഗം താണിറങ്ങി വരുന്ന വിനയത്തിന്റേയും എളിമയുടേയും തട്ട്.
ചെറുതാകുന്നതിലെ വലിമയാണ് ക്രിസ്തുമസ് നല്കുന്ന സന്ദേശം. കാലിത്തൊഴുത്തില്‍ പിറന്നുകൊണ്ട് അത്തരമൊരു മാതൃകയാണ് യേശു ലോകത്തിനു നല്‍കിയത്. ക്ഷമിക്കുന്നതും ഉപാധികളില്ലാത്തതുമായ മമതയാല്‍ അയല്ക്കാരോടടുക്കാനും ശത്രുവിനെ സ്നേഹിക്കാനുമാണ് അദ്ദേഹം ഉദ്ഘോഷിച്ചത്. അങ്ങനെ സര്‍വവും കാരുണ്യത്താല്‍ നിറഞ്ഞൊരു സാമ്രാജ്യമായിരുന്നു യേശുവിന്റെ ദൈവരാജ്യം. അതിനാണ് അദ്ദേഹം ജീവിച്ചതും മരിച്ചതും.
സന്മനസുള്ളവര്‍ക്കു സമാധാനം എന്നു യേശു പറഞ്ഞു. ആ സമാധാനം എങ്ങനെ കൈവരിക്കാമെന്ന് ആ ജീവിതത്തിലൂടെ ലോകത്തിനു മനസിലാകുകയും ചെയ്തു.
നേട്ടം ഭൗതിക ജീവിതം മാത്രമാണെന്നും അതാണ് സന്തോഷമെന്നും വിശ്വസിക്കുന്നവര്‍ക്കു യേശുവിന്റെ തത്വം മനസിലാവണമെന്നില്ല. ശരീരത്തിന്റെ കാമനകള്‍ മാത്രമല്ല ആത്മീയതയുടെ ശാന്തിയും വേണമായിരുന്നു ആ സന്തോഷത്തിന്. അത് ലോകത്തിനുകൂടുതല് ബോധ്യപ്പെടാനാണ് യേശു അല്ഭുതങ്ങള് കാട്ടിയത്.
ചില സത്യങ്ങള്‍ അതിശയത്തിലൂടെ മാത്രമേ സാധാരണക്കാരില്‍ നിറവേറൂവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മറിയത്തിന്റെ ദിവ്യഗര്ഭത്തിനാല് യേശു ദൈവപുത്രനായും ജനനത്താല്‍ മനുഷ്യപുത്രനുമായിരുന്നു.അല്ലെങ്കില്‍ ദൈവപുത്രന് മനുഷ്യപുത്രനായി അവതരിക്കുകയായിരുന്നു.
ആത്മവിശ്വാസത്തിന്റേയും പുതിയ പ്രതീക്ഷയുടേയും സ്വപ്നത്തിന്റേയും ഭാവിയെയാണ് ക്രിസ്തുമസ് പ്രതിനിധീകരിക്കുന്നത്. വീഴ്ചകളേയും നിരാശകളേയും ഇന്നിന്റെ ശുദ്ധീകരണ സ്ഥത്തുവെച്ച് നാളേയ്ക്കായി കഴുകുക. ക്രിസ്തുമസ് നക്ഷത്രങ്ങള്‍ വീട്ടിലും മുറ്റത്തും തൂക്കുമ്പോള്‍ മനസിലുംകൊളുത്തിവെക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: