കണ്ണൂര്‍: അന്തരിച്ച മുന്‍ മന്ത്രിയും മുന്‍ നിയമസഭാംഗവുമായിരുന്ന കെ.പി.നൂറുദ്ദീന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭയില്‍ വായിച്ച ചരമോപചാരത്തിന്റെ ലാമിനേറ്റ് ചെയ്ത പകര്‍പ്പ് അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥനാണ് കെ.പി.നൂറുദ്ദീന്റെ കണ്ണൂരിലെ വീട്ടിലെത്തി ഭാര്യ കെ.എം.അസ്മ, മകള്‍ സറീന നിസാര്‍ എന്നിവര്‍ക്ക് ചരമോപചാരത്തിന്റെ പകര്‍പ്പ് കൈമാറിയത്.1982 മെയ് 24 മുതല്‍ 1987 മാര്‍ച്ച് 25 വരെയുള്ള കാലയളവിലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ വനം, സ്‌പോര്‍ട്‌സ് എന്നീ വകുപ്പുകളുടെ ചുമതല നിര്‍വഹിച്ച കെ.പി.നൂറുദ്ദീന്‍ സൈലന്റ്‌വാലി ദേശീയോദ്യാനമായി പ്രഖ്യാപിച്ചതുള്‍പ്പെടെ വനവത്കരണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കിയ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി. നിയമസഭയുടെ പരിസ്ഥിതി സമിതി ചെയര്‍മാന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചതായി നിയമസഭ അനുസ്മരിച്ചു.















