കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റുകോളേജില്‍ പൂട്ട് തകര്‍ത്ത് എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കോളേജിലെ ശീതീകരിച്ച അക്കാദമിക് കോണ്‍ഫറന്‍സ് ഹാളിന്റെ പൂട്ട് തകര്‍ത്താണ് പ്രവര്‍ത്തകര്‍ യൂണിറ്റ് സമ്മേളനം നടത്തിയത്.
പ്രിന്‍സിപ്പാള്‍ പുഷ്പജയുടെ പരാതിയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് രവിന്ദ്രന്‍ (22), ഇര്‍ഷാദ് (21), അനീഷ് (21), ദീപക് (21), അഖില്‍ (21) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. യൂണിറ്റ് സമ്മേളനത്തിന് പുറത്തു നിന്നുള്ള നേതാക്കളും മറ്റ് പ്രവര്‍ത്തകരുമെത്തിയിരുന്നതായി കോളേജ് അധികൃതര്‍ പറയുന്നു.
പൂട്ട് തകര്‍ത്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രിന്‍സിപ്പാള്‍ പുഷ്പജയോട് ഇവര്‍ കയര്‍ത്തതായും അസഭ്യം പറഞ്ഞതായും പോലീസിന് നല്‍കിയ പരാതിയിലുണ്ട്. കഴിഞ്ഞകൊല്ലവും കോളേജ് അധികൃതരുടെ അനുമതിയില്ലാതെ പൂട്ട് തകര്‍ത്ത് അകത്ത് കയറി എസ്.എഫ്.ഐ സമ്മേളനം നടത്തിയിരുന്നു.
















