നെടുങ്കണ്ടം: ഇടുക്കിയില്‍ വീണ്ടും അത്ഭുത കുരിശ്. തേക്കടി മൂന്നാര്‍ റോഡില്‍ പാമ്പാടുംപാറയില്‍, മുണ്ടിയെരുമ കവലയില്‍ ആണ് പുതിയ കുരിശ് ഒറ്റരാത്രികൊണ്ട് പൊങ്ങിയത്. ഇവിടെ ഒരു ചെറിയകുരിശ് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അത് പിഡബ്ല്യൂഡി അധികൃതര്‍ പൊളിച്ചുമാറ്റിയിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ വീണ്ടും ഇവിടെ കുരിശ് പൊങ്ങുകയാണുണ്ടായത്. ഇത് ആര് സ്ഥാപിച്ചെന്നോ എങ്ങിനെ വന്നെന്നോ ആര്‍ക്കും അറിയില്ല.
ഹൈറേഞ്ചില്‍ വ്യാപകമായി ഇത്തരം അദ്ഭുതകുരിശുകള്‍ പൊങ്ങുന്നുണ്ട്. രാത്രികാലങ്ങളില്‍ വരുന്ന വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ ഉണ്ടാവുന്നതരത്തില്‍ ഗതാഗത തടസം സൃഷ്ട്ടിക്കുന്ന ഈ കുരിശ് അടിയന്തിരമായി പൊളിച്ചു നീക്കണമെന്നും ഇത്തരം കൈയ്യേറ്റം തടയണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.
അടിയന്തിരമായി കുരിശ് നീക്കാത്ത പക്ഷം വമ്പിച്ച ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ സംഘടന സെക്രട്ടറി കെ.പി. പ്രഭാകരന്‍, ജില്ലാ പ്രസിഡന്റ് ആനന്ദക്കുട്ടന്‍, ബജ്രംഗദള്‍ ജില്ലാ സംയോജകന്‍ മനോജ് സി. മോഡിയില്‍, ഒ.കെ. സജയന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
















