കുണ്ടറ: ശതാബ്ദി ആഘോഷ നിറവിലും പരാധീനതകള്‍ പേറി തൃക്കോവില്‍വട്ടം ചെറിയേല ഗവ.എല്‍പി സ്‌കൂള്‍. 1919ലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. നൂറാം വര്‍ഷത്തിലേക്കു കടക്കുന്ന സ്‌കൂളിലേക്ക് കയറിച്ചെല്ലുമ്പോള്‍ സ്വാഗതം ചെയ്യുന്നത് പൊളിഞ്ഞഗേറ്റാണ്.
എഴുപതോളം കുട്ടികള്‍ ഇവിടെ പഠിക്കുന്നു. ശൗചാലയങ്ങള്‍ പൊട്ടിപ്പൊളിഞ്ഞും പരിസരം കാടുകയറിയും കിടക്കുന്നു. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ പൊട്ടിയും തുരുമ്പുപിടിച്ചും നശിക്കുന്നു.
നിരവധി പാവപ്പെട്ട കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് എം.എ. ബേബി എംഎല്‍എ ആയിരുന്നപ്പോള്‍ അനുവദിച്ച സ്‌കൂള്‍ ബസ് മഴയും വെയിലുമേറ്റ് ഉപയോഗശൂന്യമായി കിടക്കുന്നു.
ബസിന്റെ ഇന്ധനം, നികുതി, ഇന്‍ഷ്വറന്‍സ്, മെയ്ന്റനന്‍സ്, ഡ്രൈവറുടെ ശമ്പളം തുടങ്ങിയ ചിലവുകള്‍ വഹിക്കാനുള്ള കഴിവ് ഈ സ്‌കൂളിനില്ല. ഇതിനൊരു പരിഹാരം കാണുന്നതിനായി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ സമീപിച്ചപ്പോള്‍ ഇതെല്ലാം പിടിഎയും അദ്ധ്യാപകരും ചേര്‍ന്ന് വഹിക്കണമെന്നും അല്ലെങ്കില്‍ വാഹനം തിരികെ ഏല്‍പ്പിക്കാനുമാണ് പറഞ്ഞത്.
സ്‌കൂള്‍ ഇപ്പോള്‍ കുട്ടികളെ എത്തിക്കുന്നത് ഓട്ടോറിക്ഷയിലാണ് ഇതിന്റെ ചെലവ് വഹിക്കുന്നത് അദ്ധ്യാപികമാരും ചിലകുട്ടികളുടെ രക്ഷാകര്‍ത്താക്കളുമാണ് മൂന്നോ നാലോ കുട്ടികളൊഴിച്ചു ബാക്കിയെല്ലാവരും പഠിത്തത്തില്‍ വളരെ സമര്‍ത്ഥരാണെന്നും കഴിഞ്ഞവര്‍ഷം നടന്ന ജില്ലാ സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ നിരവധി സമ്മാനങ്ങളും സ്‌കൂളിലെ കുട്ടികള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന പൂര്‍വ വിദ്യാര്‍ത്ഥികളുടെ യോഗത്തില്‍ സ്‌കൂളിനോട് അധികൃതര്‍ കാട്ടുന്ന അവഗണനയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി യെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ചിത്രം പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തട്ടിപ്പാണെന്നും ഇവര്‍ ആരോപിച്ചു.
















