തിരുവനന്തപുരം: മൂന്ന് ലക്ഷം സൗജന്യ ഡയാലിസിസിലൂടെ ലോകത്തിന് മാതൃകയായ നവജീവനത്തിന്റെ അമരക്കാരനെ ലോകാരോഗ്യ സംഘടന ക്ഷണിക്കുന്നു. ആ കാരുണ്യത്തെ തൊട്ടറിയാന്‍, ലോകത്തിന് പരിചയപ്പെടുത്താന്‍. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടറും എക്്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ.എന്‍ ആനന്ദകുമാറിനെയാണ് ജനുവരി 20 ന് ലോകാരോഗ്യ സംഘടന ന്യൂദല്‍ഹിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സത്യസായി ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നവജീവനം എന്ന പേരില്‍ 12 വര്‍ഷമായി കേരളത്തിലെ 13 ജില്ലകളില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യ വഴിയില്‍ ചരിത്രം കുറിച്ച സത്യസായി ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് പദ്ധതി ലോകത്തെ വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു കൂടിയാണ് ആനന്ദകുമാറിനെ ക്ഷണിച്ചിട്ടുള്ളത്.
2005 ല്‍ എറണാകുളം ജില്ലയില്‍ ഒരു ഡയാലിസിസ് യൂണിറ്റ് ആരംഭിച്ച് അഞ്ച് രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് നല്‍കിയാണ് സായി ട്രസ്റ്റ് ആരോഗ്യ സംരക്ഷണ മേഖലയിലേക്ക് പദമൂന്നിയത്. സേവനം ദൗത്യമാക്കിയ സത്യസായി ട്രസ്റ്റിന്റെ പുതിയ സംരംഭത്തെയും ജനം ഹൃദയത്തിലേറ്റി. പല ജില്ലകളിലും സര്‍ക്കാര്‍ സഹകരണത്തോടെ നവജീവനം ജീവദാനം നടത്തി. അത് രാജ്യത്തിനു തന്നെ മാതൃകയായി.
സ്വന്തമായി ആശുപത്രിയില്ലാതെ, ഡയാലിസിസ് മെഷീനുകളില്ലാതെ, പ്രത്യേക ഫണ്ട് സ്വരൂപിക്കാതെയാണ് ട്രസ്റ്റ് സൗജന്യ ഡയാലിസിസ് പദ്ധതിയുമായി ഇറങ്ങിത്തിരിച്ചത്. 2007 ല്‍ നവജീവനത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്യവെ അന്നത്തെ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാം പറഞ്ഞു. ‘ ഒരു രൂപ പോലും വാങ്ങാതെ ഇങ്ങനെയൊരു സ്ഥാപനം നടത്തിക്കൊണ്ട് പോകുന്നത് അത്ഭുതം’. അദ്ദേഹത്തിന്റെ വാക്കുകള്‍ പോലെ അത്ഭുതമായി മാറിയിരിക്കുന്നു നവജീവനം.
















