കൊച്ചി: മധ്യനിരയില്‍ കളി മെനയുന്നതില്‍ സന്തുഷ്ടനെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം ദിമിതര്‍ ബെര്‍ബറ്റോവ്. ബള്‍ഗേറിയന്‍ ദേശീയ ടീമിലും മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും സ്‌ട്രൈക്കര്‍ സ്ഥാനത്താണ് ഇദ്ദേഹം കളിച്ചിരുന്നത്. പ്രായത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. പ്ലേമേക്കര്‍ റോള്‍ ആസ്വദിക്കുന്നു, ബെര്‍ബ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബെംഗളൂരു എഫ്‌സിക്കെതിരേ 31നുള്ള മത്സരത്തില്‍ പരിക്കില്‍നിന്നു മോചിതനായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. പ്രതിരോധത്തിലോ, മധ്യനിരയിലോ കളിക്കുന്നതും കഠിനമല്ല. പ്രതിഭയുള്ള നിരവധി യുവതാരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിലുണ്ട്. അവര്‍ക്കു മികച്ച പരിശീലനം ലഭിക്കണം. റെനെമ്യൂലന്‍സ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനു പ്രാപ്തരാണ്. ഇന്ത്യന്‍ താരങ്ങളില്‍ ചിലര്‍ക്ക് യൂറോപ്യന്‍ ലീഗില്‍ വരെ കളിക്കാനുള്ള ശേഷിയുണ്ട്.
എതിര്‍ ടീമിനെ തകര്‍ക്കാന്‍ സാധിക്കുന്ന താരമാണ് വെസ് ബ്രൗണ്‍. അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വെസിന്റെ അനുഭവസമ്പത്തും പ്രതിഭയും ടീമില്‍ വ്യത്യാസം കൊണ്ടുവന്നു. മാര്‍ക്കോസ് സിഫ്‌നിയോസ് മികച്ച ഫുട്‌ബോളാണ് കാഴ്ചവയ്‌ക്കുന്നത്. ആത്മവിശ്വാസത്തോടെയുള്ള പ്രകടനം നടത്തുന്നു. പക്ഷേ, അനാവശ്യ കാര്യങ്ങള്‍ ചെയ്തു പരിക്കുകള്‍ പറ്റാതെ നോക്കണം. ടീം ഗോളടിക്കുന്നില്ലെന്നുള്ള വിമര്‍ശനത്തില്‍ കാര്യമില്ലെന്നും പ്ലേ ഓഫും ചാമ്പ്യന്‍ഷിപ്പും ലക്ഷ്യമാക്കിയാണു നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കുന്നിടത്തോളം കളത്തില്‍ തുടരാനാണ് ആഗ്രഹം. പരിശീലക കുപ്പായത്തില്‍ ഫുട്‌ബോള്‍ ലോകത്തു തന്നെ സജീവമാകാനുള്ള സാധ്യതയുണ്ടെന്നും ബെര്‍ബ പറഞ്ഞു.
















